കോഴിക്കോട്: മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതും പ്രശ്നസാധ്യതയുള്ളതുമായ ജില്ലയിലെ പോളിങ് ബൂത്തുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ് സന്ദർശിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം നാദാപുരം, വടകര നിയമസഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള ഏതാനും പോളിംഗ് സ്റ്റേഷനുകളിലെ ബൂത്തുകൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരവും നീതിയുക്തവുമാക്കാൻ കർശന സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകളിൽ പോലീസും കേന്ദ്രസേനയും അടങ്ങുന്ന പ്രത്യേക സംഘം സുരക്ഷയൊരുക്കും. പ്രദേശങ്ങളിൽ ശക്തമായ പോലീസ് പട്രോളിംഗും ഏർപ്പെടുത്തും.
ജില്ലയിൽ ആകെ 141 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതിൽ 120 എണ്ണം വടകര ലോക്സഭാ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിന് പുറമെ വടകര മണ്ഡലത്തിലെ 43 ബൂത്തുകളും മാവോയിസ്റ്റ് ഭീഷണിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കൊപ്പം വടകര തഹസില്‍ദാര്‍ എം.പി. സുഭാഷ് ചന്ദ്രബോസ്, നാദാപുരം അസി. റിട്ടേണിംഗ് ഓഫീസര്‍, വടകര ഡിവൈഎസ്പി എന്നിവര്‍ ഉണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.