മുക്കം: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി മുക്കം നോർത്ത് കാരശേരിയില്‍ പുതിയതായി സ്ഥാപിച്ച തെരുവ് വിളക്ക് ടിപ്പർ ലോറി ഇടിച്ചിട്ടതോടെ ചരിഞ്ഞ് വീണ് അപകട ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ടിപ്പർലോറി തെരുവ് വിളക്കില്‍ ഇടിച്ചത്.
ഇതോടെ റോഡിലേക്ക് വീണ തെരുവ് വിളക്ക് നാട്ടുകാർ താല്‍ക്കാലികമായി റോഡരികിലേക്ക് തള്ളി മാറ്റിയെങ്കിലും ഇപ്പോഴും അപകട ഭീഷണി നിലനില്ക്കുന്നു. രാത്രിയില്‍ കത്തിനില്കുന്ന തെരുവ് വിളക്ക് ഇതുവഴി വാഹനവുമായി വരുന്നവരുടെ ശ്രദ്ധയില്പെടാത്ത രീതിയിലാണുള്ളത്. ഇത് വലിയ അപകടത്തിന് കാരണമാകും.
പ്രദേശത്തെ മറ്റ് തെരുവ് വിളക്കുകളും ടിപ്പർ ലോറികള്‍ ഇടിച്ച് തകർന്ന നിലയിലാണുള്ളത്. കാല്‍നടയാത്രക്കാർക്ക് പോലും നടന്നുപോകാൻ പറ്റാത്ത വിധമാണ് നിരവധി ടിപ്പർ ലോറികള്‍ ഇവിടെ നിർത്തിയിടുന്നതെന്നും നാട്ടുകാർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.