കോഴിക്കോട്: ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ്. മാവൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സർവർ, ബിഎല്‍ഒ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതോടെയാണ് നാല് പേരെയും സസ്പെൻഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്പെന്ഷന്. എല്‍ഡിഎഫ് ഏജന്റ് എതിര്‍ത്തിട്ടും വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥര്‍ അനുവദിച്ചു എന്നാണ്പരാതി ഉയര്‍ന്നിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.