മുക്കം: മണാശ്ശേരിയില്‍ വൻ മയക്കുമരുന്ന് വേട്ട. 616.5 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചുപേർ എക്സൈസിന്റെ പിടിയിലായി. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ട താമരശ്ശേരി, പുതുപ്പാടി സ്വദേശികളാണ് പിടിയിലായത്.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നല്കിയ രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി തച്ചംപൊയില്‍ വെളുപ്പാൻചാലില്‍ മുബഷിർ (24), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ ആഷിഖ് (34) എന്നിവരെ പിടികൂടുകയും അവർ മയക്കുമരുന്ന് കടത്താനുപയോഗിച്ച സ്കൂട്ടറും അവരില്‍ നിന്ന് 72500 രൂപയും 2 മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണാശ്ശേരിയിലെ വാടക മുറിയില്‍ വച്ചാണ് മറ്റു മൂന്നുപേരെ പിടികൂടിയത്. താമരശ്ശേരി ചുടലമുക്ക് അരേറ്റ കുന്നുമ്മല്‍ ഹബീബ് റഹ്മാൻ (23), എളേറ്റില്‍ വട്ടോളി കരിമ്ബാപൊയില് ഫായിസ് മുഹമ്മദ് (27), ചേളന്നൂർ പള്ളിയാറപൊയില്‍ ജാഫർ സാദിഖ് (28) എന്നിവരാണ് വാടക മുറിയില്‍ നിന്ന് പിടിയിലായത്. ഇവരില്‍ നിന്ന് 43 ഗ്രാം എം.ഡി.എം.എ യും 12500 രൂപയും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ഗിരീഷ് കുമാർ, എക്സൈസ് കമ്മീഷണർ സ്കോഡ് അംഗം ഷിജുമോൻ എന്നിവരാണ് ന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.