കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥാനാര്‍ഥികളെ അപരന്മാര് ഉറക്കം കെടുത്തുന്നു. വിജയസാധ്യതയുള്ള മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് എതിരേ അതേപേരിലുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് ഭീഷണി ഉയര്‍ത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും അപരന്മാരെ ഇറക്കിയിട്ടുണ്ട്.
കനത്ത മത്സരം നടക്കുന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളിലാണ് കൂടുതല്‍ അപരന്മാര്. ഇടതുമുന്നണിയിലെ എളമരം കരീമും യുഡിഎഫിലെ എം.കെ. രാഘവനും ഇഞ്ചോടിഞ്ചു പോരാടുന്ന കോഴിക്കോട് മണ്ഡലത്തിലാണ് ഇരു മുന്നണികളും കൂടുതല്‍ അപരന്മാരെ ഇറക്കിയിട്ടുള്ളത്. അപരന്മാരുടെ ശക്തി നേരിട്ടറിഞ്ഞ മണ്ഡലമാണു കോഴിക്കോട്.
2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് അപരന്മാരാണ്. 838 വോട്ടിനാണ് അന്ന് റിയാസ് തോറ്റത്. എം.കെ. രാഘവന്റെ കന്നി അങ്കമായിരുന്നു അത്. റിയാസിനെതിരേ നാലു മുഹമ്മദ് റിയാസുമാർ രംഗത്തുണ്ടായിരുന്നു. അവര്‍ നാലുപേരും ചേര്‍ന്ന് 4843 വോട്ടുകള്‍ സ്വന്തമാക്കി.
റിയാസിന്റെ തോല്‍വി ഉറപ്പിക്കുന്നതില്‍ കാര്യമായ സംഭാവന നല്കി. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തവണ ഇരുമുന്നണികളും അപരന്മാരുടെ സഹായം തേടിയത്. എളമരം കരീമിന് അതേ പേരിലുള്ള മൂന്ന് അപരന്മാരുണ്ട്.
അബ്ദുള്‍ കരീം സണ്‍ ഓഫ് അയമ്മദ് കുട്ടി, അബ്ദുള്‍ കരീം സണ്‍ ഓഫ് മഹമൂദ്, അബ്ദുള്‍ കരീം സണ്‍ ഓഫ് അസൈന്‍ എന്നിവരാണവര്‍. ഇതിനു പകരമായി എം.കെ. രാഘവന് എതിരേ ഇടതുമുന്നണിയും അപരന്മാരെ കൊണ്ടുവന്നിട്ടുണ്ട്. രാഘവന് സണ്‍ ഓഫ് ദാമു, രാഘവന് സണ്‍ ഓഫ് നാരായണന് നായര്‍, ടി. രാഘവന് എന്നിവരാണ് മറ്റു രാഘവന്മാര്.
ഇടതുമുന്നണിയും യുഡിഎഫും വിജയപ്രതീക്ഷ പുലര്‍ത്തുന്ന വടകരയിലും അപരന്മാരുടെ തള്ളിക്കയറ്റമുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ. ശൈലജ ടീച്ചര്‍ക്കു ഭീഷണിയായി മൂന്നു പേരുണ്ട്. ടി.പി. ശൈലജ, ഷൈലജ, കെ.കെ. ഷൈലജ എന്നിവരാണവര്‍.
ഷാഫി പറമ്ബലിനു അപരന്മാരായി രണ്ടുപേരുണ്ട്. ടി.പി. ഷാഫി , ഷാഫി എന്നിവരാണവര്‍. കണ്ണൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി. ജയരാജനു അപരന്മാരായി രണ്ടുപേരുണ്ട്. ജയരാജ്, ജയരാജന് എന്നിവര്‍. യുഡിഎഫിലെ കെ. സുധാകരനു ഭീഷണിയായി അതേ പേരില്‍ കെ. സുധാകരനും സുധാകരന് കെ.യും മത്സരരംഗത്തുണ്ട്.
കൊല്ലത്ത് യുഡിഎഫിലെ എന്‍. കെ. പ്രേമചന്ദ്രന് അപരനായി പ്രേമചന്ദ്രന് നായര്‍ മത്സരിക്കുന്നു. മാവേലിക്കരയില്‍ യുഡിഎഫിലെ കൊടിക്കുന്നില്‍ സുരേഷിനു അപരനായി കൊഴുവാശ്ശേരില് സുരേഷും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് അപരന്മാരായി പ്രകാശ് പി.എല്‍, പ്രകാശ് എസ് എന്നിവർ രംഗത്തുണ്ട്.
തൃശൂരില്‍ ഇടതുമുന്നണിയിലെ വി.എസ്. സുനില്‍കുമാറിനു ഭീഷണിയായി സുനില്‍ കുമാറും തിരുവനന്തപുരത്ത് ശശി തരൂരിനു അപരനായി ശശി കൊങ്ങപ്പള്ളിയും ജനവിധി തേടുന്നു. പൊന്നാനിയില്‍ ഇടതുമുന്നണിയിലെ കെ.എസ്. ഹംസയ്ക്ക് അപരന്മാരായി ഹംസ കടവണ്ടിയും ഹംസയും മത്സരിക്കുന്നു. ഇവിടെ യുഡിഎഫിലെ അബ്ദുസമദ് സമദാനിക്കുമുണ്ട് അബ്ദുസമദ് മലയാംപള്ളി എന്ന പേരില്‍ ഒരു അപരന്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.