വയനാട്: സ്കൂള്‍ വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അരങ്ങേറിയത് വൈകാരികമായ രംഗങ്ങള്‍.
വിവാദങ്ങള്‍ക്കു ശേഷം സ്കൂളിലെത്തിയ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ കണ്ണീരണിഞ്ഞ വിദ്യാര്‍ഥികള്‍ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അപ്രതീക്ഷിത ആരോപണങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തുവെന്ന് കുട്ടികളോട് തുറന്നുപറഞ്ഞ അധ്യാപകന്, തനിക്കും കുടുംബത്തിനുമെതിരെ നടന്നത് ആസൂത്രിതമായ തേജോവധമാണെന്ന ആരോപണവും ഉന്നയിച്ചു.
‘ഈ പ്രശ്നങ്ങളുണ്ടാക്കിയവരെ വിടില്ല. കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളിനെയും സമ്മര്‍ദത്തില്‍ നിര്‍ത്തിയവരെ വിടില്ല. എന്റെ സമ്പാദ്യം മുഴുവന്‍ വിറ്റാലും വിടില്ല’ എന്നായിരുന്നു ഷിവി കൃഷ്ണന്റെ വാക്കുകള്‍. വിവാദത്തിനു പിന്നാലെ മക്കളും ഭാര്യയും കുടുംബത്തിലെ പ്രായമായ അമ്മയുമടക്കം തകര്‍ന്നുപോയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗമോ കുട്ടികളുടെ ഭാഗമോ കേള്‍ക്കാതെ ചിലര്‍ സങ്കുചിത താല്പര്യങ്ങളുടെ പേരില്‍ സംഭവം ആഘോഷിക്കുകയാണെന്നും അധ്യാപകന് കുറ്റപ്പെടുത്തി.
മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് രക്തപരിശോധനയ്ക്ക് വിധേയനായതെന്നും പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായും ഷിവി കൃഷ്ണന് വ്യക്തമാക്കി. ഔദ്യോഗികമായി ആരും പരാതി നല്‍കിയിട്ടില്ലെന്നും തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനെ കാണാന്‍ ചില രക്ഷിതാക്കളും സഹപ്രവര്‍ത്തകരും സ്കൂളിലെത്തിയിരുന്നു.
വിനോദയാത്രയിലെ വിവാദം എങ്ങനെ തുടങ്ങി?
ഹൈദരാബാദിലേക്ക് നടത്തിയ പഠനയാത്രയ്ക്കിടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് 133 വിദ്യാര്‍ഥികളുമായാണ് വിനോദയാത്ര പുറപ്പെട്ടത്. മൂന്ന് ബസുകളിലായിട്ടായിരുന്നു യാത്ര.
യാത്രയ്ക്കിടെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനും പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസും മദ്യപിച്ചെന്നായിരുന്നു ആരോപണം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഇരുവരെയും നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് തടയുകയും ചെയ്തു. പി.ടി.എ പ്രസിഡന്റിന്റെ ശരീരത്തില്‍നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതായി കുട്ടികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടെന്നും പ്രിന്‍സിപ്പല്‍ നേരത്തെ വിശദീകരിച്ചിരുന്നു.
എന്നാല്‍ പ്രിന്‍സിപ്പല്‍ മദ്യപിച്ചെന്ന ആരോപണം വൈദ്യപരിശോധനാ ഫലത്തില്‍ ശരിവച്ചില്ല. പരിശോധനയില്‍ അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ വിവാദത്തില്‍ പുതിയ വഴിത്തിരിവുണ്ടായി. അതേസമയം, സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം തുടരുകയാണ്.
‘കുട്ടികള്‍ മാഷിന്റെ പേര് പറഞ്ഞിട്ടില്ല’; രക്ഷിതാവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
വിവാദങ്ങള്‍ക്കിടെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ പിന്തുണച്ച് ഒരു രക്ഷിതാവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി. യാത്രയില്‍ അതേ ബസിലുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ പിതാവാണെന്ന് പരിചയപ്പെടുത്തുന്ന ബാലന് വേങ്ങരയാണ് അധ്യാപകനെ അനുകൂലിച്ച് രംഗത്തെത്തിയത്.
യാത്രയ്ക്കിടെ പി.ടി.എ പ്രസിഡന്റുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായപ്പോള്‍ കുട്ടികള്‍ അറിയിച്ചതനുസരിച്ച് ഷിവി കൃഷ്ണന് ഉടന്‍ ഇടപെട്ട് നടപടിയെടുത്തെന്നാണ് മകന് വീട്ടിലെത്തിയപ്പോള്‍ പറഞ്ഞതെന്ന് ബാലന് വേങ്ങര കുറിച്ചു. പ്രശ്നം പരിഹരിച്ച ശേഷമാണ് യാത്ര തുടര്‍ന്നതെന്നും കുട്ടികളാരും പ്രിന്‍സിപ്പലിന്റെ പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബാലന് വേങ്ങരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഷിവി സാര്‍ പ്രിന്‍സിപ്പള്‍ ആയ മീനങ്ങാടി സെക്കണ്ടറി സ്ക്കൂളിലെ രക്ഷിതാവാണ്. വിനോദയാത്രയില്‍ അതേ ബസ്സിലുണ്ടായിരുന്ന കുട്ടിയുടെ പിതാവുമാണ്. പ്രിയ ഷിവി സാറിന് നന്ദിയുണ്ട്. കുട്ടികളെ ടൂറിന്കൊണ്ടുപോയി അവരെ സുരക്ഷിതരായി തിരിച്ചിറക്കിയതിന്.
തടയാന്‍ ആളുകളുണ്ടെന്നറിഞ്ഞിട്ടും 3 ബസ്സിലുള്ള കുട്ടികളെയും സ്കൂള്‍ ഗേറ്റില്‍ തന്നെ തിരിച്ചു കൊണ്ടുവന്നു യഥാര്‍ത്ഥ രക്ഷിതാക്കളെ ഏല്‍പ്പിച്ചതിന്. വീട്ടിലെത്തിയ മകന് പറഞ്ഞത് ടൂറിനിടയിലുണ്ടായ PTA പ്രസിഡന്റ് വിഷയത്തില്‍ കുട്ടികള്‍ നിര്‍ദേശിച്ചതോടെ ഷിവി സാര്‍ പെട്ടെന്ന് ഇടപെട്ട് നടപടിയെടുത്തിട്ടുള്ളതാണ്. എല്ലാം പരിഹരിച്ച് യാത്ര തുടര്‍ന്നതാണ് കുട്ടികളാരും മാഷെ പേര് പറഞ്ഞിട്ടില്ല. പരാതി പറഞ്ഞിട്ടില്ല.മാഷെ പേര് മനപൂര്‍വ്വം വലിച്ചിഴച്ചതാണ്, ആരോ പത്രക്കാരെയും ചാനലുകരെയും തെറ്റിദ്ധരിപ്പിച്ചതാണ്. എന്നിട്ടും തിരിച്ചു വന്നിറങ്ങുമ്പോള്‍ മാഷ് കുട്ടികളോട് ചോദിച്ചോളൂ എന്ന് പറഞ്ഞിട്ടുംഒരു മീഡിയക്കാരനും അത് ചെവിക്കൊണ്ടില്ല. എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പോലെ നടത്തിയതായി തോന്നി. ഷിവി സാറെ ഒന്നരവര്‍ഷങ്ങളായി എന്റെ മകന്റെ പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ അറിയാം. ജില്ലയിലെ ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്ററായും വിക്ടേര്‍സ് ചാനല്‍ പരിശീലകനായുമെല്ലാം പ്രവര്‍ത്തിച്ച് വിജയിച്ച മികച്ച അധ്യാപനാണ്. മികച്ച മോട്ടിവേഷന്‍ സ്പീക്കറാണ് ക്ലാസ് യോഗങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. സ്ക്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയമായി ഉയര്‍ത്തുന്നതില്‍ വഹിച്ചപങ്ക് ചെറുതല്ല.A + കിട്ടിയവര്‍ക്കും പോലും ആഗ്രഹിച്ച സീറ്റ് കിട്ടാത്ത ഗവണ്മെന്റ് സ്കൂള്‍. 2025 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള PM ഫൗണ്ടേഷന്റെ അവാര്‍ഡ് നേടിയഇത്തവണത്തെ കായിക മേളയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയതും മീനങ്ങാടിയാണ്. പഠിപ്പിന് പ്രഥമ പരിഗണന നല്കിയിരുന്നതിനാല് മാഷ് അല്പം സ്ട്രിക്ട് ആണെന്ന് പറയാം. പഠിപ്പ് മുടക്കാന്‍ വരുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനക്കും അദേഹം തന്റെ കുട്ടികളെ വിട്ടുകൊടുത്തിട്ടില്ല.
PTA ക്കല്ലാതെ മറ്റ് രാഷ്ട്രീയക്കാര്‍ക്കും സ്കൂളില്‍ പരിഗണനയില്ല. ഇതിനെയെല്ലാം തടഞ്ഞു നിര്‍ത്തുന്ന നെഞ്ചുക്ക് മാഷിനുണ്ട്. യാത്രയാണ് സ്വാതന്ത്യം എന്ന് പ്രഖ്യാപിക്കപ്പെട്ട ഇക്കാലത്ത് എന്നും ഓര്‍ക്കേണ്ട യാത്രയെ ഒരു പേടി സ്വപ്നമായി ഓര്‍ക്കേണ്ട ഗതിയൊരുക്കിയതിന് മീഡിയയും നേതാക്കളും കുട്ടികളോട് മാപ്പ് പറയണം. കുറ്റവാളിയാക്കുന്നതിനു മുമ്പെ ജനകീയ വിചാരണകള്‍ കഠിനാദ്ധ്വാനികളായ ജീവനക്കാരെ ജനമദ്ധ്യത്തില്‍ തുണിയുരിയുമ്പോള്‍ അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്നവരുടെ മനസ്സും കുടുംബവും തകര്ക്കുന്നതാവരുതേ എന്ന് രാഷ്ട്രീയ നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നു. നാട്ടിലെ സ്കൂളില്‍ ഒരു പ്രശ്നം വരുമ്പോള്‍ നിയമം കയ്യിലെടുത്താണോ ഇടപെടേണ്ടെതെന്ന് നേതൃത്വം പരിശോധിക്കണം. പ്രവര്‍ത്തകര്‍ക്ക് കടിഞ്ഞാണിടണം.ഈ സാഹചര്യം മറികടക്കാനുള്ള കരുത്തും മനോധൈര്യവും ഷിവി മാഷ് ആര്‍ജിക്കട്ടെ എന്ന് ആശിക്കുന്നു. ഇനിയും മകന്റെയും തുടര്‍ന്ന് വരുന്ന മക്കളുടെയും മീനങ്ങാടി ഹയര്‍ സെക്കണ്ടറിയിലെ പ്രിന്‍സിപ്പാള്‍ ആയി മാഷ് തുടരട്ടെ എന്നും ആഗ്രഹിക്കുന്നു.
