സൗദി അറേബ്യ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്കുള്ള യാത്ര നിരോധിച്ചു. സൗദി പൗരന്മാര്‍ കെനിയയിലേക്ക് പോകരുത് എന്ന് നിര്‍ദേശിച്ചു.
കെനിയക്കാര്‍ക്ക് സൗദിയുടെ വിസ അനുവദിക്കുന്നതും നിര്‍ത്തി. കെനിയയില്‍ എബോള രോഗം വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സൗദി കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.
കെനിയയില്‍ നിന്ന് നിരവധി പേരാണ് ഓരോ വര്‍ഷവും സൗദിയിലേക്ക് ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന് എത്താറുള്ളത്. ജോലി ആവശ്യാര്‍ഥം സൗദിയിലേക്ക് വരുന്ന കെനിയക്കാരുമുണ്ട്. കെനിയയില്‍ ബിസിനസ് ചെയ്യുന്ന സൗദി പൗരന്മാരും നിരവധിയാണ്. ഇവര്‍ക്കെല്ലാം പുതിയ തീരുമാനം തിരിച്ചടിയാകും. എന്നാല്‍ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് തല്‍ക്കാലത്തേക്കാണ് തീരുമാനം.
കെനിയയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് വരുന്നവര്‍ക്ക് മാത്രമല്ല നിരോധനം. സൗദിയില്‍ എത്തുന്നതിന് 21 ദിവസം മുമ്പ് കെനിയയില്‍ പോകുകയോ അവിടെ താമസിക്കുകയോ ചെയ്തവര്‍ക്കും നിരോധനമുണ്ട്. കെനിയക്കാര്‍ മൂന്നാമതൊരു രാജ്യത്തുകൂടെ സൗദിയില്‍ വരുന്നതും തടഞ്ഞിരിക്കുകയാണ്. എബോള വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യക്കാര്‍ക്ക് സൗദി നിയന്ത്രണമേര്‍ത്താനും സാധ്യതയുണ്ട്.
ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മന്‍കരുതല്‍ നടപടികള്‍ സൗദി അറേബ്യ 2019 ജൂലൈയില്‍ തയ്യാറാക്കിയിരുന്നു. ഇത് പ്രകാരമാണ് കെനിയക്കാര്‍ക്ക് വിസ അനുവദിക്കേണ്ട എന്നുള്ള തീരുമാനം. എബോള കാരണം കഴിഞ്ഞ ജൂണില്‍ സൗദി സമാനമായ നടപടി പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമെതിരെ സ്വീകരിച്ചിരുന്നു. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വരവും പോക്കും സൗദി നിരോധിക്കുകയാണ് അന്ന് ചെയ്തത്.
സൗദി തുര്‍ക്കി പാകിസ്താന്‍ കരാറിലേക്ക് സിറിയ കൂടി
സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മക്ക പ്രതിരോധ കരാറിലേക്ക് സിറിയ കൂടി ഭാഗമായേക്കും. ഇക്കാര്യം ആലോചിക്കുന്നുണ്ടെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദുല്‍ ശൈബാനി പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കാനാണ് സിറിയയുടെ തീരുമാനം. സൈനികരെ സജ്ജമാക്കുന്നതിനും നയതന്ത്ര ബന്ധം ശക്തമാക്കാനുമാണ് സിറിയയുടെ നീക്കം.
മക്ക കരാറില്‍ ചേരുന്നതിന് ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന് ശൈബാനി പറഞ്ഞു. ബഹ്‌റൈനിലെ മനാമയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് ഏഴിനാണ് സൗദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ മക്കയില്‍ വച്ച് പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. നാറ്റോ സൈനിക സഖ്യത്തിന്റെ സമാനമായ കരാറാണിത്. മൂന്ന് രാജ്യങ്ങളുടെയും തലവന്മാര്‍ മക്കയില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് അന്ന് കരാര്‍ ഒപ്പുവെച്ചത്.
