പശ്ചിമേഷ്യൻ യുദ്ധം ലോകത്തെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. യുദ്ധത്തിന് അന്ത്യമില്ലാത്തത് വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിനെ കാര്യമായി ബാധിക്കുകയാണ്.
ഇപ്പോഴിതാ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ലോകശ്രദ്ധയാകർഷിക്കുന്ന പരിപാടികള്‍ റദ്ദാക്കുന്നതോടെ സാമ്പത്തിക സ്ഥിതി താളം തെറ്റുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫോർമുല വണ്‍ മത്സരങ്ങള്‍ മുതല്‍ നിക്ഷേപ സംഗമങ്ങള്‍ വരെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് റദ്ദാക്കുന്നത്. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ജോലിയെയും ഇതു കാര്യമായി ബാധിക്കുന്നുണ്ട്. എണ്ണയിതര സമ്പദ് വ്യവസ്ഥ വളർത്താനുള്ള സൗദി അടക്കമുള്ള രാജ്യങ്ങളുടെ ദീർഘകാല പദ്ധതികള്‍ക്കും യുദ്ധം വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.
ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്
സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായി റിയാദില്‍ നടക്കേണ്ടിയിരുന്ന ‘ഡാവോസ് ഇൻ ദ ഡെസേർട്ട്’ എന്നറിയപ്പെടുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പത്താം പതിപ്പ് 2027ലേക്ക് മാറ്റിവച്ചു. ഒക്ടോബർ 26 മുതല്‍ 29 വരെ നടത്താനിരുന്ന ഈ പരിപാടി അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രധാന വേദിയായിരുന്നു.
കായിക മാമാങ്കങ്ങള്‍ക്ക് തിരിച്ചടി
വൻ ബിസിനസ് സാദ്ധ്യതകളും വിനോദസഞ്ചാര വരുമാനവും നല്കുന്ന പ്രമുഖ അന്താരാഷ്ട്ര കായിക മത്സരങ്ങളെയും സുരക്ഷാ ഭീഷണി പ്രതികൂലമായി ബാധിച്ചു. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന ബഹ്റൈൻ (സഖീർ സർക്യൂട്ട്), സൗദി അറേബ്യ (ജിദ്ദ) ഫോർമുലാ വണ്‍ ഗ്രാന്റ് പ്രീ മത്സരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ നടത്താനായില്ല. ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജിപി മത്സരവും, സ്പെയിൻ അർജന്റീന ഫുട്ബോള്‍ പോരാട്ടമായ ഫൈനലിസിമയും റദ്ദാക്കേണ്ടി വന്നു.
വൻ സാമ്പത്തിക നഷ്ടം
വൻകിട പരിപാടികള്‍ മുടങ്ങുന്നത് ടൂറിസം, വിമാന സർവീസുകള്‍, ഹോട്ടല്‍ മേഖല എന്നിവയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വേള്‍ഡ് ട്രാവല്‍ ആൻഡ് ടൂറിസം കൗണ്‍സിലിന്റെ മാർച്ച് മാസത്തിലെ കണക്കനുസരിച്ച്, വിനോദസഞ്ചാരികളുടെ ചെലവഴിക്കലില്‍ പശ്ചിമേഷ്യൻ മേഖലയില്‍ പ്രതിദിനം കുറഞ്ഞത് 60 കോടി ഡോളറിന്റെ കുറവാണ് ഉണ്ടാകുന്നത്. ഹോട്ടലുകള്‍, ടൂറിസം ഓപ്പറേറ്റർമാർ, കോണ്‍ഫറൻസ് സെന്ററുകള്‍, പ്രാദേശിക വ്യാപാരങ്ങള്‍ എന്നിവയുടെ വരുമാനത്തെ ഇത് നേരിട്ട് ബാധിക്കുന്നു.
പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി
സമ്മേളനങ്ങള്‍ മാറ്റിവയ്ക്കുന്നത് സംഘാടകരെ മാത്രമല്ല, അനുബന്ധ സേവനങ്ങള്‍ നല്കുന്ന മലയാളി സംരംഭങ്ങളെയും കാര്യമായി ബാധിക്കുന്നു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഉള്‍പ്പെടെയുള്ള വൻകിട ഇവന്റുകളുടെ നടത്തിപ്പും പ്രമുഖ കരാറുകളും നിരവധി മലയാളി കമ്പനികള്‍ക്ക് ലഭിച്ചിരുന്നു.മുൻവർഷങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പഴംപച്ചക്കറി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചിരുന്നു. ഇവന്റുകള്‍ റദ്ദാക്കപ്പെട്ടതോടെ ഈ വിപണി സാദ്ധ്യത പൂർണ്ണമായും തടസ്സപ്പെട്ടു.
തൊഴിലിനും വരുമാനത്തിനും ഭീഷണി
ഗള്‍ഫിലെ സർവീസ്, ടൂറിസം മേഖലകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസി മലയാളികളുടെ തൊഴില്‍ സുരക്ഷയെ ഈ പ്രതിസന്ധി ബാധിക്കാൻ സാദ്ധ്യതയുണ്ട്.ഇവന്റ് മാനേജ്മെന്റ്, കാറ്ററിങ്, സ്റ്റേജ്ലൈറ്റിംഗ്, ഹോട്ടലുകള്‍, ടൂർ ഓപ്പറേഷൻ എന്നീ മേഖലകളില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വരുമാനക്കുറവ് തൊഴിലവസരങ്ങളില്‍ സമ്മർദ്ദമുണ്ടാക്കും. ഡ്രൈവർമാർ, ക്ലീനിംഗ് സ്റ്റാഫുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന മലയാളികള്‍ക്ക് ഇത്തരം ഇവന്റുകള്‍ വഴി ലഭിച്ചിരുന്ന താല്‍ക്കാലിക തൊഴില്‍ സാദ്ധ്യതകളും വരുമാനവുമാണ് ഇതോടെ നഷ്ടമായത്.

