സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണി മുടക്കുന്നു. നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഉടമകളുടെ ആറ് സംഘടനകള്‍ ചേര്‍ന്ന സംയുക്ത സമര സമിതി പ്രഖ്യാപിച്ചു.
സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും സര്‍ക്കാര്‍ പരിഹാരം കാണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 16ന് എല്ലാം സര്‍ക്കാരിനെ അറിയിച്ചു. അനകൂല നടപടി ഇല്ലാത്തതിനാലാണ് സമരം.
കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ ഇറങ്ങുകയാണ്. ഗതാഗത മന്ത്രി സ്വകാര്യ വ്യക്തികളില്‍ നിന്ന് ബസുകള്‍ വാങ്ങുന്നു. എംഎല്‍എമാരും അവരുടെ ഫണ്ട് ഉപയോഗിച്ച് ബസ് ഇറക്കുന്നു. ഇതെല്ലാം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടിലാണ്. സ്വകാര്യ ബസ് വ്യവസായം പാടേ നഷ്ടത്തിലേക്ക് കൂപ്പുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് അനിശ്ചതകാല സമരം നടത്തുന്നത് എന്ന് ഉടമകള്‍ മാധ്യമങ്ങളെ അറിയിച്ചു.
കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, ഓണ്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഫോറം, കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍, ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍, കേരള ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി എന്നീ സംഘടനകളുടെ ഭാരവാഹികളാണ് പുതിയ തീരുമാനം എടുത്തത്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നവംബര്‍ മൂന്നിന് സമരം തുടങ്ങുമെന്നു അവര്‍ പറഞ്ഞു.
അതേസമയം, സ്വകാര്യ ബസ് ഉടമകളുടെ മറ്റൊരു വിഭാഗം സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. ഓരോ ദിവസവും രണ്ട് പേരാണ് നിരാഹാരം ഇരിക്കുക. ഇന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികളാണ് നിരാഹാര സമരം നടത്തുന്നത്. പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസുകള്‍ നഷ്ടത്തിലായി എന്ന് ഇവര്‍ ആരോപിക്കുന്നു.
ഇവര്‍ ബസ് നിര്‍ത്തിവെച്ചുള്ള സമരത്തിനില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരത്തിലേക്ക് കടക്കാന്‍ ഇപ്പോള്‍ ഉദ്ദേശമില്ലെന്ന് സംസ്ഥാന നേതാക്കള്‍ പറഞ്ഞു. സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് 60000 കുടുംബങ്ങള്‍ കഴിയുന്നുണ്ടെന്നും എല്ലാവരും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെകെ തോമസ് പറഞ്ഞു.
മിനിമം നിരക്ക് 20 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് ഉയര്‍ത്തുക, സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് സമരക്കാര്‍ പറയുന്നു. സെക്രട്ടേറിയറ്റ് സമരത്തിന് പിന്നാലെ ജില്ലാ തലത്തിലും സമരം വ്യാപിപ്പിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
