കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, കോച്ചിംഗ് ക്ലാസ്സുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
അതേസമയം മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കൂടാതെ മുന്‍കൂട്ടി നിശ്ചയിച്ച മേളകള്‍ എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ സുധീര്‍ അറിയിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 27-ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിലൂടെ വടക്കന്‍ തമിഴ്നാട് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു. മധ്യ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളായിലായി തീവ്രന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും നാളെ രാവിലെ മധ്യബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
ശേഷം ഒക്ടോബര്‍ 27-ന് രാവിലെ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറി ഒക്ടോബര്‍ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരും.
ഒക്ടോബര്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.