പൊക്കാളി കൃഷിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൃഷി വകുപ്പ് മുൻകൈയെടുത്ത് പത്തു കോടി അനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്.
അടുത്ത സാമ്ബത്തിക വർഷം തുക അനുവദിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പൊക്കാളി നില വികസന ഏജൻസി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരകം 2025 പൊക്കാളി ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊക്കാളി കൃഷിയുടെ വളർച്ചയ്ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം വില ലഭ്യമാക്കുന്നതിലും ശ്രദ്ധ വേണം. ഉല്പാദന ചെലവിന്റെ 50% എങ്കിലും കർഷകന് ലഭ്യമാക്കണം. എല്ലാ മേഖലയിലും ഉത്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് ഉത്പാദിപ്പിച്ചവരാണ്. എന്നാല്‍ ഉത്പാദിപ്പിച്ചതിന്റെ വില നിശ്ചയിക്കാൻ അവകാശമില്ലാത്ത ഒരാള്‍ കർഷകനാണ്. ഉത്പാദന ചെലവ് പകുതിയെങ്കിലും ലഭ്യമായാല്‍ മാത്രമേ കർഷകനും നിലനില്ക്കാൻ സാധിക്കൂ. കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും എല്ലാവരും യോജിച്ച് കർഷകന് കൃത്യമായ വില ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ നയമായ ഒരു നെല്ലും ഒരു മീനും കൃഷി രീതിയാണ് പൊക്കാളി പാടശേഖരങ്ങളില്‍ നടപ്പിലാക്കുന്നത്. ആറുമാസം പൊക്കാളിയും ആറുമാസം മത്സ്യകൃഷിയുമാണ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്. സംഘർഷങ്ങള്‍ ഒഴിവാക്കുന്നതിനായി കലണ്ടർ കൃത്യമായി നടപ്പിലാക്കും.
പൊക്കാളി കൃഷിക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കും. ഇത് ലഭ്യമായാല്‍ കർഷകർക്ക് കുറച്ചുകൂടി വില ഉറപ്പാക്കാൻ സാധിക്കും. നാഷണല്‍ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (എൻ പി ഓ പി) സർട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.
കൊയ്ത്തിനാണ് ചെലവിന്റെ 40% വേണ്ടിവരുന്നത്. പൊക്കാളി പാടങ്ങള്‍ക്ക് ആവശ്യമായ കൊയ്ത്തുപകരണങ്ങള്‍ ലഭ്യമാക്കും. കേരള ഗ്രോ ബ്രാൻഡ് പേരില്‍ പൊക്കാളി അരിയും, പൊക്കാളി കൊണ്ടുള്ള മറ്റ് ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യാനുള്ള പ്രവർത്തനങ്ങള്‍ കൃഷിവകുപ്പ് ഉറപ്പാക്കും.
പൊക്കാളി കൃഷി രീതിയുടെ ഗുണമേന്മ സമൂഹം കൂടുതല്‍ മനസ്സിലാക്കണം. ആരോഗ്യവകുപ്പുമായി ചേർന്ന് ഗുണമേന്മകള് സമൂഹത്തിലേക്ക് എത്തിക്കുവാനും ജനങ്ങളെ ബോധവാന്മാരാക്കുവാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിന് പുറത്ത് വിപണന സാധ്യതകള്‍ പരിശോധിക്കും. എല്ലാ പിന്തുണയും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും.
വിത്തിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ കൃഷിവകുപ്പ്, കാർഷിക സർവകലാശാല തുടങ്ങിയവയുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കും.
2017ല്‍ ഭൗമസൂചിക പദവി ലഭിച്ച കൃഷി രീതിയാണ് പൊക്കാളി. അമ്ലത്തെയും ഉപ്പിന്റെ അംശത്തെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാൻ ഇതിന് സാധിക്കും. പൊക്കാളിക്ക് നിരവധി ഗുണങ്ങളുണ്ട്. ഇതിനെക്കുറിച്ച് പഠനം നടത്താൻ കാർഷിക വില നിർണയ ബോർഡിനെ ചുമതലപ്പെടുത്തിയപ്പോള്‍ 40 വർഷങ്ങള്‍ക്കു മുമ്ബ് 24000 ഹെക്ടർ ചെയ്തിരുന്ന പൊക്കാളി കൃഷി ഇന്ന് 2400 ഹെക്ടറില്‍ മാത്രമാണ് കൃഷി ചെയ്യുന്നതെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍, വില ലഭ്യമാക്കല്‍, വിപണനം, വിത്ത്, സംഘർഷങ്ങള്‍ പരിഹരിക്കാൻ കലണ്ടർ എന്നീ മേഖലകളില്‍ പരിഹാരം കണ്ടെത്തിയാല്‍ പൊക്കാളി കൃഷി കൂടുതല്‍ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യൂ പുരസ്കാരം കരസ്ഥമാക്കിയ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെയും വിവിധ കർഷകരെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ശില്പശാലയോടനുബന്ധിച്ച് പൊക്കാളി കൃഷിയുടെ ആവശ്യകതയും പ്രതിസന്ധികളും, പൊക്കാളി കൃഷി പുനരുദ്ധാരണം, പൊക്കാളി കൃഷി മേഖലയിലെ യന്ത്രവല്‍ക്കരണം, പൊക്കാളി കൃഷി കർഷക സംവാദം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചു.
കുഴുപ്പിള്ളി സഹകരണനിലയം ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെഎൻ ഉണ്ണികൃഷ്ണൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സിനിമാതാരം സലിംകുമാർ എന്നിവർ ചടങ്ങില്‍ മുഖ്യാതിഥികളായി. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ആമുഖാവതരണം നടത്തി. പൊക്കാളി നിലവികസന ഏജൻസി വൈസ് ചെയർമാൻ പി വി ലാജു, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്ബർമാർ, പൊക്കാളി നിലവികസന ഏജൻസി അംഗങ്ങള്‍, എറണാകുളം തൃശൂർ ആലപ്പുഴ ജില്ലകളിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.