കൊച്ചി: വിവരസാങ്കേതിക രംഗത്ത് കേരളത്തെ രാജ്യത്തെ പ്രധാന കേന്ദ്രമാക്കാനുള്ള ലക്ഷ്യവുമായി സർക്കാർ മുന്നേറുകയാണ്. 2031ഓടെ പത്ത് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രാജ്യത്തെ ഐ.ടി വിപണിയിലെ 10 ശതമാനം കേരളത്തിന്റേതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വിഷൻ 2031ന്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സംഘടിപ്പിച്ച ‘റീകോഡ് കേരള 2025’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.മൂന്ന് കോടി ചതുരശ്ര അടിയാക്കി ഐ.ടി അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും, ലാൻഡ് പൂളിംഗ് മാതൃകയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുമാണ് സർക്കാർ തീരുമാനം.
ഡാറ്റ സെന്‍ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, സാറ്റലൈറ്റ് ഐ.ടി പാർക്കുകൾ തുടങ്ങിയ മേഖലകളിൽ പദ്ധതികൾ ആസൂത്രണത്തിലുണ്ട്. 10 ലക്ഷം യുവാക്കൾക്ക് പരിശീലനം നൽകി, അഞ്ച് ലക്ഷം ഉയർന്ന നിലവാരത്തിലുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യമാണ്.കേരള ഫ്യൂച്ചർ ടെക്നോളജി മിഷൻ, സെമികോൺ മിഷൻ, എ.ഐ മിഷൻ തുടങ്ങിയ സ്ഥാപനം രൂപീകരിക്കുന്നതും പരിഗണനയിലാണ്. കൊച്ചിയിലെ മേക്കർ വില്ലേജ് 2.0 പദ്ധതിയിലൂടെ പ്രാദേശിക ഇൻക്യുബേഷൻ, ഗവേഷണ കേന്ദ്രങ്ങൾ രൂപീകരിക്കും.
നിലവിൽ സംസ്ഥാനത്തെ ഐ.ടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുകയാണ്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷം പേർ ജോലി ചെയ്യുന്നു. 2016 മുതൽ 66,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിച്ചു. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. “കേരളം ഇപ്പോൾ ലോകം ശ്രദ്ധിക്കുന്ന ലക്ഷ്യസ്ഥാനമായി മാറി,” അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പി വി ശ്രീനിജിൻ എം.എൽ.എ, മേയർ എം. അനിൽ കുമാർ, ഐ.ടി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










