തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയുമായി ഗോവയിലേക്ക് കടന്നുകളഞ്ഞ 26 വയസ്സുകാരനെ വർക്കല പോലീസ് പിടികൂടി. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശിയായ ബിനുവാണ് പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി ആദ്യം പരിചയത്തിലായത്. ഒക്ടോബർ 18-ന് ഇയാൾ പെൺകുട്ടിയുമായി വീട്ടിൽ നിന്ന് കടന്നു. വർക്കലയിൽ നിന്ന് ഇവർ ആദ്യം തിരുവനന്തപുരത്തേക്ക് എത്തി. അവിടെ നിന്നാണ് പിന്നീട് മധുരയിലേക്ക് പോയത്. മധുരയിൽ ഒരു ദിവസം താമസിച്ച ശേഷം അടുത്ത ദിവസം തന്നെ ഇവർ ഗോവയിലേക്ക് പോവുകയായിരുന്നു. ഗോവയിൽ ചിലവഴിച്ച ശേഷം ഇരുവരും തിരികെ എറണാകുളത്തേക്ക് എത്തി. എറണാകുളത്ത് നിന്ന് വീണ്ടും തമിഴ്‌നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വർക്കല പോലീസ് ഇയാളെ പിടികൂടിയത്.
പെൺകുട്ടിയെ കാണാതായ ദിവസം തന്നെ മാതാപിതാക്കൾ വർക്കല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ആദ്യ ഘട്ടത്തിൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ഇയാൾ എങ്ങോട്ടാണ് പോയതെന്ന വിവരം പോലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന്, പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിലൂടെയാണ് ഇവർ ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് പോയ കാര്യം മനസ്സിലാക്കിയത്. ഗോവയിലും മധുരയിലും വെച്ച് പെൺകുട്ടിയെ ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് ചോദ്യം ചെയ്യലിൽ ബോധ്യമായി. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










