കൊല്ലം ആശ്രമത്തിലുണ്ടായ വാഹനാപകടത്തിൽ 80കാരൻ മരിച്ചത് കൊലപാതകമാണെന്ന് പോലീസ്. മെയ് 23നാണ് ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനീയറായിരുന്ന പാപ്പച്ചൻ അപകടത്തിൽ മരിച്ചത്. പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച 76 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ബാങ്ക് മാനേജർ സരിത, ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ അടക്കം അഞ്ച് പേരെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. അപകടമരണമെന്ന് എഴുതിത്തള്ളിയ കേസാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. പാപ്പച്ചൻ കൊല്ലത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ബന്ധുക്കളുമായും അയൽവാസികളുമായും ബന്ധമൊന്നുമുണ്ടായിരുന്നില്ല.
പാപ്പച്ചന്റെ സമ്പാദ്യങ്ങളെ കുറിച്ചും ബന്ധുക്കൾക്ക് അറിയില്ലായിരുന്നു. എന്നാൽ ബാങ്ക് മാനേജരായ സരിതക്ക് ഇക്കാര്യം അറിയാമായിരുന്നു. തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പാപ്പച്ചന്റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ സരിത പിൻവലിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പാപ്പച്ചനെ പ്രശ്നം പരിഹരിക്കാനായി ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചുവരുത്തി.
സ്ഥിരമായി സൈക്കിളിൽ പോകുന്നയാളാണ് പാപ്പച്ചൻ. സൈക്കിളിൽ വരികയായിരുന്ന പാപ്പച്ചനെ അനി മോൻ കാറിടിച്ച് കൊലപ്പെടുത്തി. കാർ നിർത്താതെ പോയതാണ് പോലീസിന്റെ സംശയത്തിന് കാരണമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിക്ഷേപ തുകയായ 76 ലക്ഷത്തിൽ നിന്ന് 40 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. തുടർന്നാണ് സരിതയെ ഉൾപ്പെടെ ചോദ്യം ചെയ്തതും കൊലപാതക വിവരം പുറത്തുവന്നതും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.