ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ അറുപത് ലക്ഷത്തിലേക്കടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 88,600 പേർക്ക് പുതിയതായി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 59,92,533 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 49,41,628 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 9,56,402 സജീവ കേസുകളാണുള്ളത്.
കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലുള്ള വർധന ഇന്ത്യയിൽ ഒരു ആശ്വാസമാണ്. രോഗത്തിൽ നിന്ന് കരകയറുന്ന ആളുകളുടെ എണ്ണത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണിത്. മരണസംഖ്യ താരതമ്യേന കുറവാണെങ്കിലും, കഴിഞ്ഞ 25 ദിവസമായി ഓരോ ദിവസവും ആയിരത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. രാജ്യത്ത് ഇതുവരെ 94,503 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ആഗസ്റ്റ് 20നാണ് രാജ്യത്തെ കോവിഡ് കേസുകള്‍ ഇരുപത് ലക്ഷം പിന്നിട്ടത്. ആഗസ്റ്റ് 23 ആയപ്പോഴേക്കും അത് മുപ്പത് ലക്ഷവും സെപ്റ്റംബര്‍ അഞ്ച് ആയപ്പോഴേക്കും നാല്‍പത് ലക്ഷവും കടന്നു. സെപ്റ്റംബര്‍ പതിനാറിനാണ് രാജ്യത്തെ കോവിഡ് കേസുകള്‍ അരക്കോടി കടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ICMR) റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദിനംപ്രതിയുള്ള കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതാണ് രോഗബാധ കൂടുതല്‍ കണ്ടെത്താനും സഹായകമാകുന്നത്. പ്രതിദിനം പത്തുലക്ഷം കോവിഡ് ടെസ്റ്റുകള്‍ വരെ നടത്തുന്നുണ്ടെന്നാണ് കണക്ക്. സെപ്റ്റംബര്‍ 26 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 7,12,57,836 പേരിലാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.