കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്‍റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ജാമ്യഹര്‍ജി തള്ളിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. അതെ സമയം ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.
വിധി പറയാനിരിക്കെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്‍റെ ഓഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു. തന്‍റെ 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപിടപെടണമെന്നാവശ്യപ്പെട്ടയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്. ബാലചന്ദ്രകുമാറിന്‍റെ ആവശ്യങ്ങൾ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥരെ വധിക്കണമെന്ന് ദിലീപും സഹോദരൻ അനൂപും പറയുന്ന ഓഡിയോ ബാലചന്ദ്രകുമാർ പുറത്തു വിട്ടതിന് പിന്നാലെയാണ് ദിലീപ് ക്യാംപിൽ നിന്നും ഈ ഓഡിയോ ക്ലിപ്പ് പുറത്തു വന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.