ജലാശയങ്ങൾ കാണപ്പെടുന്ന സസ്യമാണ് കുളവാഴകൾ. അത്ര പ്രാധാന്യമൊന്നുമില്ലാത്ത കുളവാഴകളെ സാരി നിർമാണത്തിനായി ഉപയോഗിക്കാൻ ഒരുങ്ങുകയാണ് പശ്ചിമ ബംഗാൾ. ഇതിലൂടെ നിരവധി സ്ത്രീകൾക്ക് തൊഴിൽ സാധ്യത കൂടി ഉറപ്പാക്കാൻ ഒരുങ്ങുകയാണ് പശ്ചിമ ബംഗാൾ . മാത്രവുമല്ല ഈ പദ്ധതിയിലൂടെ സ്ത്രീശാക്തീകരണം കൂടിയാണ് ലക്ഷ്യമിടുന്നത്.
സ്വഛത പുകാരെ, നേച്ചർ ക്രാഫ്റ്റി എന്നീ എൻജിഒ-കളാണ് പദ്ധതിക്ക് പിന്നിൽ. കുളവാഴകളിൽ നിന്നെടുക്കുന്ന ഫൈബറിൽ നിന്ന് തയ്യാറാക്കുന്ന നൂലുകളും ബംഗാളിലെ പരമ്പരാഗത ടാന്റ് സാരികൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കോട്ടണും ഉപയോഗിച്ചാണ് സാരി നിർമാണംമെന്ന് സ്വഛതാ പുകാരെയുടെ ഡയറക്ടർ ഗൗരവ് ആനന്ദ് പറയുന്നു.
ജൂട്ടിൽ നിന്ന് ഫൈബർ വേർതിരിച്ചെടുക്കുന്നതിന് സമാനമായ രീതിയിലാണ് കുളവാഴകളിൽ നിന്നും ഫൈബർ വേർതിരിച്ചെടുക്കുക. തുടക്കത്തിൽ ആയിരത്തോളം സാരികളാണ് നിർമിക്കാനൊരുങ്ങുന്നത്. ജൂൺ, ജൂലൈയോടെ ഉത്പന്നം വിപണിയിലെത്തും. വെള്ളത്തിൽ നിന്ന് കുളവാഴകൾ എടുത്തതിനു ശേഷം ഉണക്കിയെടുത്താണ് നേർത്ത ഫൈബറുകൾ വേർതിരിച്ചെടുത്ത് നൂൽനിർമാണത്തിനായി മാറ്റുന്നത്. ഇരുപതുലക്ഷത്തോളം രൂപയാണ് പദ്ധതിക്കായുള്ള മുതൽമുടക്കായി കണക്കാക്കുന്നത്.
ഇരുനൂറോളം സ്ത്രീകൾക്കും പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഗൗരവ് പറയുന്നു. പശ്ചിമബംഗാളിലെ വിവിധയിടങ്ങളിലുള്ള ഉപയോഗശൂന്യമായ ജലാശയങ്ങളിൽ നിന്ന് കുളവാഴകൾ ശേഖരിക്കാൻ ഇവർക്ക് നിർദേശം നൽകിക്കഴിഞ്ഞു. പദ്ധതി വിജയിച്ചാൽ തൊഴിൽ ലഭിച്ചിട്ടുള്ള സ്ത്രീകൾക്ക് മാസം തോറും അയ്യായിരം രൂപ വരെ നേടാനാവുമെന്നും പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.