തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് ആശ്വാസം. സർവേ നടപടികൾ തുടരണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തങ്ങളുടെ ഭൂമിയിൽ സർവേ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചിലർ നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ഡിവിഷൻ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്. സിൽവർ ലൈനിന്റെ സർവേ നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സിംഗിൾ ബെഞ്ച് ഇടപെടുകയാണെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയോടുള്ള എതിർപ്പ് വലിയ തിരിച്ചടിയാകുമെന്നും സാമൂഹിക പ്രത്യാഘാത പഠനത്തെയും ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.ഡിപിആറിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ സിംഗിൾ ബെഞ്ച് നേരത്തെ സർക്കാരിനോട് നിർദേശിച്ചിരുന്നു. ഈ ആവശ്യം ഇപ്പോൾ ഡിവിഷൻ ബെഞ്ച് ഒഴിവാക്കി. ഡിപിആറിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ രൂക്ഷ വിമർശനം നേരിടുന്ന സാഹചര്യത്തിൽ ഇതും സർക്കാരിന് ആശ്വാസമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.