മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത വിടവാങ്ങിയിരിക്കുന്നു. ഇന്നലെ രാത്രിയായിരുന്നു കെപിഎസി ലളിതയുടെ മരണം . തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‍കാരം നടക്കും. കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്‍ജലികൾ അർപ്പിക്കാൻ ആവുന്നില്ലെന്ന് നടൻ മോഹൻലാല്‍
ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷന്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്‍നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‍നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്‍ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാഷ്‍ടം തന്നെയാണ്. പ്രണാമം ചേച്ചീ എന്നുമാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.