ലക്നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് അന്തിമോപചാരം പോലും അര്‍പ്പിക്കാന്‍ അനുവദിക്കാതെ സംസ്കരിച്ചു. കനത്ത പോലീസ് കാവലില്‍ പുലര്‍ച്ചെ രണ്ടരയോടെ പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ജോയിന്റ് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സെപ്തംബർ പതിനാലിനാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിൽ കൂട്ടബലാല്‍സംഗത്തിന് ഇരയായ 20കാരി ഡല്‍ഹി ആശുപത്രിയില്‍ മരിച്ചത്.
ബന്ധുക്കളെ എല്ലാവരെയും മാറ്റിനിർത്തി ബലംപ്രയോഗിച്ചാണ് പൊലീസ് മൃതദേഹം സംസ്കരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.എന്നാൽ ആരോപണം നിഷേധിച്ച പൊലീസ്, കുടുംബത്തിന്റെ അനുമതിയോടെയാണ് സംസ്കാരം നടത്തിയതെന്ന് പറഞ്ഞു. മൃതദേഹം വെച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന കാരണത്താലാണ് ബന്ധുക്കള്‍ക്ക് ബോഡി കെെമാറാതിരുന്നതെന്നാണ് പൊലീസ് വാദം.
കുടുംബക്കാരെയെല്ലാം വീടിനുള്ളിൽ പൂട്ടിയിട്ടായിരുന്നു മൃതദേഹം സംസ്കരിച്ചത്. അമ്മയ്ക്ക് പോലും ബോഡി കാണാനുള്ള അവസരം നൽകിയില്ല. കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസിനെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലിരിക്കെയാണ് 19 വയസുള്ള പെണ്‍കുട്ടി ചൊവ്വാഴ്ച മരിച്ചത്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ നാക്ക് ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കഴുത്തിലെ മൂന്ന് അസ്ഥികള്‍ ഒടിയുകയും നട്ടെല്ലിന് ഗുരുതര ക്ഷതമേല്‍ക്കുകയും ചെയ്തു. യുപിയിലെ ജവഹര്‍ ലാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡല്‍ഹിയില്‍ എത്തിക്കുന്പോള്‍ പെണ്‍കുട്ടിയുടെ കൈകാലുകള്‍ തളര്‍ന്ന നിലയിലായിരുന്നു.
സെപ്റ്റംബര്‍ പതിനാലിന് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വയലില്‍ പുല്ല് ചെത്തിക്കൊണ്ടിരിക്കുന്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. അമ്മയും സഹോദരങ്ങളും നിന്നിടത്തുനിന്നു കുറച്ചു മാറിയാണ് പെണ്‍കുട്ടി പുല്ല് ചെത്തിക്കൊണ്ടിരുന്നത്. പിന്നിലൂടെ വന്ന അക്രമിസംഘം കഴുത്തില്‍ ഷാള്‍ കുരുക്കി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ്, ലവ്കുഷ്, രാമു, രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയുന്ന നാലു പേര്‍ക്കെതിരെ കൊലക്കുറ്റം അടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാംതന്നെ സവര്ണവിഭാഗക്കാരാണ്.
അക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി സ്വയം നാക്ക് കടിച്ചു മുറിച്ചതാകാമെന്നാണ് ഹത്രാസ് എസ്പി വിക്രാന്ത് വീര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ മുതല്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അലംഭാവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടിയുടെ അമ്മയും സഹോദരങ്ങളും കുറ്റപ്പെടുത്തി. സംഭവം നടന്നു നാലു ദിവസത്തിനുശേഷമാണ് പോലീസ് നടപടിയെടുത്തതെന്ന് പെണ്‍കുട്ടിയുടെ സഹോദരന് പറഞ്ഞു.
യോഗി ആദിഥ്യനാഥ് സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ യുപിയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കുറ്റാരോപിതര്‍ സ്വതന്ത്രരായി വിലസുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ സംഭവത്തില്‍ പ്രതിഷേധിച്ചും പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെ ന്നാവശ്യപ്പെട്ടും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.