യുക്രൈനില്‍ കാസര്‍കോട്ടെ വിദ്യാര്‍ഥികള്‍ കഴിഞ്ഞിരുന്ന ബങ്കറിന് സമീപം ഷെല്‍ ആക്രമണം. ഖാര്‍കീവിലെ മെട്രോ ബങ്കറിന് സമീപത്തെ കെട്ടിടത്തിലാണ് ഷെല്‍ ആക്രമണം ഉണ്ടായത്. വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. മേല്‍പറമ്ബിലെ ഫാത്വിമത് റിനാശ, ചെമ്ബരിക്കയിലെ മുഹമ്മദ് റോശന്‍, മീപ്പുഗിരിയിലെ എസ് എം ഇബ്തിഹാല്‍ എന്നിവരാണ് ബങ്കറില്‍ ഉണ്ടയിരുന്ന കാസര്‍കോട്ട് നിന്നുള്ളവര്‍.
ഷെല്‍ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചെന്ന് ഇബ്തിഹാലിന്റെ പിതാവ് എം കെ മുഹമ്മദ് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് വസ്ത്രങ്ങളും മറ്റും എടുത്ത് ബങ്കറില്‍ കയറിയപ്പോഴാണ് ഷെല്‍ ആക്രമണം ഉണ്ടായതെന്നും ഫാത്വിമത് റിനാശയുടെ പിതാവ് ഡോ. കായിഞ്ഞി പറഞ്ഞു. അതേസമയം അതിര്‍ത്തിവരെ എത്തിയാല്‍ ഒഴിപ്പിക്കാമെന്നാണ് എംബസി അധികൃതര്‍ പറയുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ വാഹനസൗകര്യങ്ങള്ക്ക് അടക്കം പ്രയാസം നേരിടുകയും ഏത് സമയവും ആക്രമണ ഭീഷണിയും ഉള്ള പശ്ചാത്തലത്തില്‍ ഇതിന് സാധിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
അതേസമയം കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 44 പേര് യുക്രൈനില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരെ വീട്ടിലെത്തിക്കാനുള്ള നടപടി ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സേവനം നല്കാന് കാസര്‍കോട് കലക്ടറേറ്റില്‍ കണ്ട്രോള് റൂം ആരംഭിച്ചു. രക്ഷിതാക്കളുമായി കണ്ട്രോള് റൂമില്‍ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ അറിയിക്കും. കണ്ട്രോള് റൂം നമ്ബര്‍: 04994 257700.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.