തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ ബ്ലോക്ക് ഓഫീസിന് സമീപം പിഞ്ചുകുഞ്ഞടക്കം അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് ആദ്യം സാക്ഷിയായത് അയൽവാസിയായ കെ.ശശാങ്കനാണ്. കാർപോർച്ചിൽ തീ ആളിപ്പടരുന്നത് കണ്ട ശശാങ്കൻ നാട്ടുകാരെ വിവരമറിയിച്ചു. ആളുകൾ എത്തിയപ്പോഴേക്കും വീടിന് തീപിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾക്ക് തീപിടിച്ചു.
വർക്കല ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), മരുമകൾ അഭിരാമി (25), ഇളയമകൻ അഹിൽ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകൻ നിഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 1.40 തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദവും കേട്ട് ശശാങ്കന്റെ മകൾ വീട്ടുകാരെ ഫോണിൽ വിളിച്ചിരുന്നു. നിഹുൽ ഫോൺ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്കു വന്നില്ല. കുറച്ചു സമയത്തിനുശേഷം നിഹുൽ പുറത്തേക്കു വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല. വീടിന്റെ ഗേറ്റ് ഉള്ളിൽനിന്നു പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് അകത്തേക്കു പ്രവേശിക്കാനായില്ല. ഫയർഫോഴ്സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടെയും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പൊളളലേറ്റ നിഹുലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വീടിന്റെ മുകൾനിലയിലെ ശുചിമുറിയിൽ കിടക്കുന്ന രീതിയിലായിരുന്നു നിഹുലിന്റെ ഭാര്യ അഭിരാമിയും കുട്ടിയും. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസി പ്രവർത്തിക്കുന്നുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.