IMG 20261101 184750Oplus_16908288

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്ക് പോകുമ്പോള്‍ ലഗേജിന്റെ ഭാരം കൂടിയാല്‍ അധിക പണം നല്‍കേണ്ടിവരുന്നത് യാത്രക്കാരെ സംബന്ധിച്ച്‌ വലിയ തലവേദനയാണ്.എന്നാല്‍ ഈ അധിക ചെലവ് ഒഴിവാക്കാൻ ഒരു യുവതി കണ്ടെത്തിയ വിചിത്ര മാർഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്യൂട്ട്കേസില്‍ കൊണ്ടുപോകേണ്ട വസ്ത്രങ്ങള്‍ ഓരോന്നായി ശരീരത്തില്‍ ചുറ്റിയാണ് യുവതി ലഗേജ് ഭാരം കുറയ്ക്കാൻ ശ്രമിച്ചത്!

വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറില്‍ ലഗേജിന്റെ ഭാരം നിയന്ത്രിക്കാനായിരുന്നു യുവതിയുടെ ഈ വേറിട്ട നീക്കം. ട്രോളി ബാഗിലുണ്ടായിരുന്ന ഭാരമേറിയ വസ്ത്രങ്ങള്‍ പുറത്തെടുത്ത് ഓരോന്നായി ശരീരത്തില്‍ ധരിക്കുകയായിരുന്നു. ഈ രസകരമായ സംഭവം വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ മൊബൈല്‍ ഫോണില്‍ പകർത്തി. പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.

കാണുന്നവർക്ക് ചിരിയുണർത്തുന്ന ഈ നീക്കം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് റിപ്പോർട്ട്. ശരീരത്തില്‍ അമിതമായി വസ്ത്രങ്ങള്‍ ധരിക്കുന്നത് ബോഡി സ്കാനറിലെ പരിശോധനയ്ക്കിടെ സംശയങ്ങള്‍ക്ക് ഇടയാക്കാം. കൂടുതല്‍ പരിശോധനകള്‍ക്കും ഇത് കാരണമായേക്കാം.സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളോട് സഹകരിക്കാത്തതോ സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നതോ യാത്രയ്ക്ക് തടസ്സമാകാനും സാധ്യതയുണ്ട്. അതിനാല്‍ അധിക ലഗേജ് ഫീസ് ഒഴിവാക്കാനുള്ള ഇത്തരം മാർഗങ്ങള്‍ യാത്രക്കാർക്ക് തിരിച്ചടിയാകും.

നിശ്ചയിച്ചിട്ടുള്ള ഭാരപരിധി കവിയുമ്പോള്‍ വിമാനക്കമ്പനികള്‍ അധിക ലഗേജ് ചാർജ് ഈടാക്കാറുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികളില്‍ നിരക്കുകള്‍ വ്യത്യസ്തമാണ്. അധികമായി കൊണ്ടുപോകുന്ന ഓരോ കിലോയ്ക്കും 500 രൂപ മുതല്‍ 1500 രൂപയ്ക്ക് മുകളില്‍ വരെ ഈടാക്കാമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

ചില സാഹചര്യങ്ങളില്‍ അധിക ലഗേജിനുള്ള ഫീസ് യാത്രക്കാരുടെ ബജറ്റിനെ തന്നെ ബാധിക്കാറുണ്ട്. ഈ ചെലവ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ചിലർ ഇത്തരം വ്യത്യസ്ത വഴികള്‍ പരീക്ഷിക്കുന്നത്. എന്തായാലും ലഗേജ് ഫീസ് ലാഭിക്കാൻ യുവതി കണ്ടെത്തിയ ഈ മാർഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share with