Screenshot 2026 11 01 19 12 53 90 96b26121e545231a3c569311a54cda96

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ച പിന്നാലെ സി ജോസഫ് വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ജീവനക്കാരുടെ ശമ്പളം കൂട്ടി.ഡിഎയില്‍ മൂന്ന് ശതമാനം വര്‍ധനവാണ് വിജയ് പ്രഖ്യാപിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമായി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പുതുക്കിയ കണക്ക് പ്രകാരം 63 ശതമാനമാണ് ഡിഎ.

ദീപാവലി ആഘോഷത്തിന് ഒരുങ്ങുന്ന ജീവനക്കാര്‍ക്ക് ആശ്വാസമാണ് സര്‍ക്കാരിന്റെ തീരുമാനം. ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. സംസ്ഥാനത്തെ 16 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. സര്‍ക്കാരിന് 1858 കോടി രൂപയുടെ വാര്‍ഷിക ചെലവ് വരുത്തിവെക്കുന്നതാണ് പുതിയ തീരുമാനം. അധ്യാപകര്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്കെല്ലാം മൂന്ന് ശതമാനം വര്‍ധനവുണ്ട്.

അടുത്തിടെ എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യവും വിജയ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രൂപ്പ് സി, ഡി വിഭാഗത്തിലെ ജീവനക്കാര്‍ക്ക് 20 ശതമാനമാണ് ഇത്തവണ ബോണസ് പ്രഖ്യാപിച്ചിട്ടുള്ളത്. 2.60 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടമുണ്ടാകുന്ന പ്രഖ്യാപനമായിരുന്നു ഇത്. കുറഞ്ഞത് 8400 രൂപയും കൂടിയത് 16800 രൂപയുമാണ് ബോണസ് ലഭിക്കുക.

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി വര്‍ധിപ്പിച്ച വിജയ് സര്‍ക്കാരിന്റെ തീരുമാനത്തിന് കൈയ്യടി ലഭിക്കുന്ന വേളയിലാണ് തുടര്‍ച്ചയായ ജനപ്രിയ പ്രഖ്യാപനങ്ങള്‍. നിലവിലുള്ള പ്രായപരിധിയില്‍ നിന്ന് അഞ്ച് വര്‍ഷം കൂടി വര്‍ധിപ്പിക്കുകയാണ് വിജയ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 32ല്‍ നിന്ന് 37 ആയും സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് 37ല്‍ നിന്ന് 42 ആയുമാണ് പ്രായപരിധി കൂട്ടിയത്.

നിരക്ക് വര്‍ധിപ്പിക്കണം എന്ന ഓട്ടോ തൊഴിലാളികളുടെ ആവശ്യവും വിജയ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 1.8 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് മിനിമം നിരക്ക് 50 രൂപയാക്കി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപ അധികം വാങ്ങും. ഓരോ മിനുട്ടിനും ഒരു രൂപ എന്ന നിരക്കില്‍ വെയ്റ്റിങ് ചാര്‍ജ് നല്‍കുകയും വേണം.

ഓട്ടോയുടെ രാത്രി യാത്രയ്ക്ക് ഒന്നര ഇരട്ടിയാണ് വാങ്ങുക. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് അധികനിരക്ക്. സാധാരണ കൂലിയുടെ 1.2 ശതമാനം ഇരട്ടിയാകും ചുരം മേഖലയില്‍ റോഡുകളില്‍ യാത്ര ചെയ്യുന്ന ഓട്ടോയുടെ മിനിമം കൂലി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. കൂലി വര്‍ധന, ശമ്പള വര്‍ധന ഉള്‍പ്പെടെ തുടര്‍ച്ചയായി വന്‍ പ്രഖ്യാപനങ്ങളാണ് വിജയ് സര്‍ക്കാര്‍ നടത്തുന്നത്. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസിലേക്ക് തമിഴ്‌നാടിനെ പ്രതിനിധീകരിച്ച്‌ വിജയ് തന്നെയാകും പോകുക എന്ന വിവരവും വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Share with