പാലക്കാട് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ മുപ്പതിലധികം ഫോണുകൾ പോലീസ് പിടിച്ചെടുത്തു. ഫോൺകോൾ രേഖകൾ പരിശോധിച്ച് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന് കൈമാറി. ഫോൺകോളുകളിൽ നിന്ന് തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരാണ് കസ്റ്റഡിയിലുള്ളത്.
അതേസമയം, പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്നു സർവകക്ഷിയോഗം ചേരും. വൈകിട്ടു 3.30 നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നു ബിജെപി, എസ്ഡിപിഐ നേതൃത്വങ്ങൾ അറിയിച്ചിട്ടുണ്ട്. ജില്ല കനത്ത പൊലീസ് സുരക്ഷയിലാണ്. നിരോധനാജ്ഞയും തുടരുന്നു. എഡിജിപി വിജയ് സാഖറെ സ്ഥലത്തു ക്യാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികൾ ഏകോപിപ്പിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 5 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയിൽനിന്നു പിതാവിനോടൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്‌ഷനു സമീപമുള്ള കടയിൽ ശ്രീനിവാസനെ അക്രമികൾ വെട്ടിവീഴ്ത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.