കാൽ നൂറ്റാണ്ടിനിടെ നടന്ന ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ തോറ്റവർക്കായി കാലിക്കറ്റ് സർവകലാശാലയിൽ ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ നടത്താൻ അക്കാദമിക് കൗൺസിലിന്റെ അനുമതി. 1995 മുതൽ കാലിക്കറ്റിൽ വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് തോറ്റ വിഷയങ്ങൾ വർഷങ്ങൾക്കുശേഷം എഴുതിയെടുക്കാനാണ് അവസരമൊരുങ്ങുന്നത്. പരീക്ഷകളുടെ നടത്തിപ്പിന് ഒരു വർഷത്തോളം സമയമെടുക്കുമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ.
വിദ്യാർഥികൾക്ക് പഴയ സിലബസിൽ സപ്ലിമെന്ററി പരീക്ഷ നടത്താനാണു തീരുമാനം.സിലബസുകളുടെ മാറ്റം കണക്കിലെടുത്ത് പരീക്ഷകൾക്കായി ഒരു ലക്ഷത്തോളം ചോദ്യപേപ്പറുകൾ തയാറാക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.പഴയ സിലബസുകൾ ലഭ്യമാകുന്നതനുസരിച്ച് പരീക്ഷകൾ ആരംഭിക്കും. അപേക്ഷാ ഫീസും പരീക്ഷാ ഫീസും പിന്നീട് തീരുമാനിക്കും. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ എഴുതുന്നവർക്കു മോഡറേഷൻ നൽകാൻ നേരത്തേ സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തിരുന്നെങ്കിലും ഇന്നലെ അക്കാദമിക് കൗൺസിൽ ഈ വിഷയം പരിഗണിച്ചില്ല.
മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ 2019 മാർച്ച് 2ന് കാലിക്കറ്റിൽ നടന്ന മിനിസ്റ്റേഴ്സ് അദാലത്തിലാണ് 1995 മുതൽ പഠിച്ചിറങ്ങിയവർക്കായി സപ്ലിമെന്ററി പരീക്ഷ നടത്താനുള്ള തീരുമാനമെടുത്തത്. പുനഃപരീക്ഷയ്ക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.എന്നാൽ, മിനിസ്റ്റേഴ്സ് അദാലത്തിന് നിയമ പ്രാബല്യമില്ലെന്നു ചാൻസലർ കൂടിയായ ഗവർണർ വ്യക്തമാക്കിയതോടെ വിഷയം കാലിക്കറ്റിലെ അക്കാദമിക് കൗൺസിൽ അനുമതിക്കു വിടുകയായിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അദാലത്ത് വിവാദമായതോടെ ഇതുമായി ബന്ധപ്പെട്ട ഫയലിന്റെ പേര് കാലിക്കറ്റിൽ മാറ്റിയിരുന്നു. മിനിസ്റ്റേഴ്സ് അദാലത്ത്’ എന്നതിനു പകരം ‘ഒറ്റത്തവണ തീർപ്പാക്കൽ സ്പെഷൽ സപ്ലിമെന്ററി പരീക്ഷ’ എന്നാക്കിയാണ് ഫയൽ ഇന്നലെ അക്കാദമിക് കൗൺസിലിനു മുൻപിൽ അവതരിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.