തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജ് അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വർഗീയ വിദ്വേഷം വളർത്തിയതിന് 153 എ, സമൂഹത്തിൽ ഭയം ജനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് പിസി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.
വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പിസി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസെടുത്തത്. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പി.സി.ജോർജിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം ഇയാളെ നന്ദവനം എആർ ക്യാമ്പിലെത്തിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു-മുസ്‌ലിം വിദ്വേഷം വളർന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലും പ്രകോപനപരമായി പ്രസംഗിച്ചെന്നാണ് എഫ്‌ഐആറിൽ ആരോപിക്കുന്നത്. തിരുവനന്തപുരത്ത് ഹിന്ദു മഹാ പരിഷത്ത് സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പിസി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം, മുസ്ലീം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ജോർജിനെതിരായ പരാതി.
ബോധപൂർവം കച്ചവടം നടത്തുന്ന മുസ്‌ലിംകൾ വന്ധ്യതാ മരുന്ന് പാനീയങ്ങളിൽ കലർത്തുന്നു. മുസ്ലീങ്ങൾ ജനസംഖ്യ വർധിപ്പിച്ച് മുസ്ലീം രാജ്യമാക്കാൻ ശ്രമിക്കുന്നുവെന്നും മുസ്ലീം പുരോഹിതന്മാർ മൂന്ന് നേരം തുപ്പിയതിന് ശേഷം ഭക്ഷണം വിതരണം ചെയ്യുന്നുവെന്നും മുസ്ലീം വ്യാപാരികൾ അമുസ്ലിം പ്രദേശങ്ങളിൽ തങ്ങളുടെ സ്ഥാപനങ്ങൾ സ്ഥാപിച്ച് അവരുടെ സ്വത്ത് കൊള്ളയടിക്കുന്നുവെന്നും തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
അതേസമയം പിസി ജോർജിനെ കസ്റ്റഡിയിലെടുത്തതിനെ ബിജെപി നേതാക്കൾ അപലപിച്ചു. പറഞ്ഞത് പോലെ പലതും കേരളത്തിൽ നടക്കുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു. അതേസമയം പോലീസ് നടപടി അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രസംഗം കലാപത്തിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.