പ്രിയപ്പെട്ട കേരളത്തിലെ മാധ്യമപ്രവർത്തകരോട്, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകരോട് ഒരപേക്ഷയുണ്ട്. മനപ്പൂർവ്വമോ, നിലനിറുത്തപ്പെട്ട പൊതുബോധമോ കാരണം, ആസൂത്രിതമായി നടത്തിയ രണ്ടു സഹോദരരുടെ കൊലപാതകം ചർച്ചചെയ്യപ്പെടാതെ പോയ, മാധ്യമ ശ്രദ്ധ കിട്ടാതെ പോയ, ക്രൂരരായ അതിനു പിന്നിലെ പ്രതികൾ സംരക്ഷിക്കപ്പെടുന്ന, അവർക്ക് നിറഞ്ഞ പിന്തുണ നൽകുന്ന രാഷ്ട്രീയ സംഘടന സ്വയം അവതരിപ്പിക്കുന്ന വ്യാജപ്രതിച്ഛായകളുടെ പുറത്തു കളങ്കരഹിതരായി വ്യവഹരിക്കുന്ന, ഏഴു വർഷമായി നീതി നിഷേധിക്കപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥനത്തിന്റെ വർത്തമാനങ്ങളാണ് ഇത്. സമയമുള്ളവർ വായിക്കണം.
മണ്ണാർക്കാട് കല്ലാംകുഴിയെകുറിച്ചാണ് എഴുതുന്നത്. ആദ്യമേ പറയട്ടെ, ആർക്കും പോയി അന്വേഷിക്കാവുന്ന സംഭവമാണ്. പാലക്കാടു ജില്ലയിലെ മണ്ണാർക്കാട് നിന്ന്, അഞ്ചു കി.ലോ അകലെയാണ് ഈ സ്ഥലം. ഒരു പക്ഷേ, ചില കരുതലുകൾ വേണ്ടിവരും അന്വേഷണം നടത്തുമ്പോൾ. കാരണം, രണ്ടു മനുഷ്യരെ പച്ചക്ക് വെട്ടിക്കൊന്ന 25 പേര്, അതിന്റെ ആസൂത്രകർ ശിക്ഷ ലഭിക്കാതെ ഇപ്പോഴും വിഹരിക്കുന്ന പ്രദേശമാണ്. അതിനാൽ, ആ അർത്ഥത്തിലുള്ള ജാഗ്രത വേണ്ടി വരും.
ഒരു വെള്ളിയാഴ്ച നടത്തിയ അന്വേഷണത്തിന്റെ വിവരണമാണ് ഇത്. കല്ലാംകുഴിയിലെ വിവിധ മതവിശ്വാസികളായ, വ്യത്യസ്ത രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലമുള്ളവരുമായി സംസാരിച്ചു തയ്യാറാക്കിയത്. പല കൊലപാതകങ്ങളും, വിശേഷിച്ചും രാഷ്ട്രീയ സംഘടനകൾ നിർവ്വഹിച്ചവ, ആഴ്ചകളോളം ചർച്ച ചെയ്യാറുണ്ട് കേരളം. അതിലെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ജാഗ്രത കാണിക്കാറുണ്ട് മാധ്യമങ്ങൾ. പ്രശംസനീയമായ അത്തരം സമീപനം ഒട്ടും ഇല്ലാതെ പോയതിനാൽ, നീതി ലഭിക്കാതെയിരിക്കുന്ന ഒരുമ്മയുടെ ആറു കുട്ടികളുടെ സങ്കടങ്ങൾ ഇനിയും തുടരാൻ പാടില്ല. ഒരു നാടിന്റെ സമാധാനം പാടെ കെടുത്തിയവർ ഇങ്ങനെ സ്വതന്ത്രമായി സംരക്ഷിക്കപ്പെട്ടു കൂടാ..
2013 നവംബർ 20-നാണ് ആ സംഭവം. കല്ലാംകുഴിലെ പള്ളത്ത് കുടുംബത്തിലെ നൂറുദ്ധീനും സഹോദരൻ കുഞ്ഞുഹംസയും കൂരമായി കൊലചെയ്യപെടുന്നു. അവരുടെ മൂത്ത സഹോദരൻ കുഞ്ഞിമുഹമ്മദ് മരിച്ചു എന്ന് കരുതി ഉപേക്ഷിക്കപ്പെട്ടതിനാൽ മാത്രം, ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നു. പള്ളത്ത് കുടുംബം ആ ദേശത്തിന്റെ അത്താണികളായിരുന്നു. പാരമ്പര്യമായി നല്ല സ്വത്തും ഭൂമിയും ഉള്ളവർ. പ്രദേശത്തെ പ്രശ്‌നങ്ങളൊക്കെ രമ്യമായി പരിഹരിച്ചിരുന്നവർ . പാവങ്ങൾക്ക് എപ്പോഴും കയറിക്കിച്ചെല്ലാവുന്ന വീടായിരുന്നുവത്. വിവിധ മതത്തിൽ പെട്ട അനേകം പേര് അവരെ ആശ്രയിച്ചു ജീവിച്ചിരുന്നു. സമ്പത്തുള്ളതിന്റെ ഒരു ഗർവ്വും അവർ കാണിച്ചിരുന്നില്ല. മക്കളെ കെട്ടിക്കാൻ, ആശുപത്രിയിലേക്ക് ഉറ്റവരെ കൊണ്ട് പോകാൻ, വീട് നിർമിക്കാൻ, ഭക്ഷണം വാങ്ങാൻ തുടങ്ങി എല്ലാറ്റിനും അവർ സഹായിക്കുമായിരുന്നു. അതിനാൽ തന്നെ, മറ്റാർക്കും കിട്ടാത്ത സ്നേഹവും ബഹുമാനവും ഒക്കെ ആ നാട്ടുകാർ അവർക്ക് നൽകിയിരുന്നു. അത് സ്വാഭാവികമായി ഹൃദയ വിശാലാരും, സഹകാരികളും, മനസ്സിൽ നന്മ നിറഞ്ഞവരുമായ ആളുകൾക്ക് എല്ലയിടത്തും കിട്ടുന്നതാണല്ലോ. ഉറച്ച സുന്നി വിശ്വാസികളും ആയിരുന്നു അവർ. നൂറുദ്ധീൻ മർകസ് ആർട്സ് കോളേജിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ്. സുന്നി സ്ഥാപങ്ങൾക്കും സംഘടനകൾക്കും സാധ്യമാകുന്ന സഹായങ്ങൾ ആ കുടുംബം എന്നും നൽകിപ്പോരാറും ഉണ്ടായിരുന്നു.
പള്ളത്ത് കുടുംബത്തിന് കിട്ടുന്ന ഈ സമ്മതിയെ അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന കുറച്ചു പേരും കല്ലാംകുഴിയിൽ ഉണ്ടായിരുന്നു. അവിടത്തെ ലീഗിന്റെ ആളുകൾ ആയിരുന്നു അവർ. പള്ളത്ത് കുടുംബം പ്രത്യക്ഷമായി മുസ്‌ലിം ലീഗ് പാർട്ടി ഭാരവാഹികൾ ആയിരുന്നില്ല. എന്നാൽ, എല്ലാവരോടും സഹകരിക്കുന്ന പോലെ ലീഗിനോടും തുറന്ന സമീപനമായിരുന്നു. പക്ഷെ, സംശുദ്ധമായ രാഷ്ട്രീയ നൈതികത പകരപ്പെടാത്തതിനാലോ, ഏതൊക്കെയോ അസുര ഹൃദയരായ നേതാക്കളുടെ പ്രേരണ മൂലമോ, വർഷങ്ങൾക്ക് മുമ്പേ തന്നെ ലീഗിന്റെ അന്നാട്ടിലെ ചില അണികൾ അവരെ അപായപ്പെടുത്താൻ നോക്കി.
ആദ്യകൊലപാതക ശ്രമം 1998 ഒക്ടോബർ ആദ്യവാരത്തിലായിരുന്നു. തങ്ങളുടെ കൃഷിടങ്ങളിൽ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ മാർക്കറ്റിൽ എത്തിക്കാനായി പള്ളത്ത് കുഞ്ഞിഹംസ പുതിയ ജീപ്പ് വാങ്ങിയ ഉടനെ. ഒരു ദിവസം രാത്രി 9 മണിക്ക് വാഹനത്തിൽ വീട്ടിലേക്കു മടങ്ങുമ്പോൾ, പെട്ടെന്ന് കാഴ്‌ചയിൽ ദൃശ്യമാകാത്ത ഇടത്തിൽ റോഡിൽ കുറെ വലിയ മരത്തടികൾ കൊണ്ടിട്ടു. ആ മരത്തിൽ തട്ടി ജീപ്പ് അപകടത്തിൽ പെടുമ്പോൾ ഇവർ കൊല്ലപ്പെടണം എന്നോ, വീണുകിടക്കുമ്പോൾ കൊല്ലണം എന്നോ ആയിരുന്നു അതിന്റെ താൽപര്യം. പക്ഷേ, പുതിയ വാഹനം ആയിരുന്നതിനാൽ, എങ്ങനെയോ മറിയാതെ ജീപ്പ് അപ്പുറത്തെത്തുകയും കുഞ്ഞിഹംസയും കൂടെയുള്ളവരും രക്ഷപ്പെടുകയുമാണ് ഉണ്ടായത്.
അത് കഴിഞ്ഞു ദിവസങ്ങൾക്കു ശേഷമായിരുന്നു രണ്ടാമത്തെ സംഭവം.1998 ഒക്ടോബർ 21-ന് രാവിലെ പതിനൊന്നു മണിക്കാണ് ബോംബ് വെച്ച് കൊല്ലാൻ ശ്രമം നടത്തിയത്. കുഞ്ഞുമുഹമ്മദും കുഞ്ഞിഹംസയും നൂറുദ്ധീനും സഹോദരീ പുത്രനും മൂന്നു ജോലിക്കാരും അടക്കം ഏഴു പേർ, വീട്ടിൽ നിന്ന് വരുന്ന കല്ലാംകുഴി അംഗനവാടിക്കടുത്തുള്ള ടാറിടാത്ത ചെറിയ റോഡിൽ മൂന്നു കുഴികളിൽ മാരക പ്രഹര പ്രഹര ശേഷിയുള്ള ബോംബ് വെച്ചു. മൂന്നു കുഴിബോംബും പൊട്ടി. അപ്പുറത്ത് മരങ്ങൾക്കു പിറകിൽ ഒളിച്ചിരിക്കുണ്ടായിരുന്നു അക്രമികൾ. എങ്ങനെയെങ്കിലും മരിക്കാതെ രക്ഷപ്പെടുകയാണെങ്കിൽ വെട്ടിവീഴ്‌ത്താൻ. പക്ഷേ, ബോംബ് ആക്രമണത്തിൽ ദൈവകൃപയാൽ അവർ മരിക്കാതെ രക്ഷപ്പെട്ടു . ഇവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല എന്ന് മനസ്സിലാക്കിയ ആക്രമികൾ അക്രമികൾ ഓടിയെത്തി. വെട്ടി. ബോംബ് ആക്രമണത്തിൽ പൊടിപടലങ്ങളും പുകയും കാരണം ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു അക്രമികൾക്ക്. പലർക്കും വെട്ടുകൊണ്ടു. അന്ന്, ആ ജീപ്പിൽ സഞ്ചരിച്ച പള്ളത്ത് കുടുമ്പത്തിനു വേണ്ടി ജോലിയെടുത്തിരുന്ന മങ്ങാട്ട് ഹംസ കാണിച്ചു തന്നു. അന്നവർ വടിവാള് കൊണ്ട് വെട്ടിയതിന്റെ അടയാളങ്ങൾ; കയ്യിലും തലയിലും. മുപ്പത്തിയഞ്ചു പേരുണ്ടായിരുന്നു ആക്രമികൾ.
ഈ സംഭവവുമായി ബന്ധപ്പെട്ടു ഒരു മരണം നടന്നു. പാലക്കാപറമ്പിൽ മുഹമ്മദ്. അദ്ദേഹം ആകസ്മികമായിട്ടാണ് അവിടെയെത്തുന്നത്. റേഷൻ ഷാപ്പിൽ നിന്ന് തിരികെ വരുമ്പോൾ ബോംബ് സ്‌ഫോടനം കണ്ടു എന്ത് സംഭവിച്ചു എന്നറിയാൻ വന്നതാണ്. എന്നാൽ, മുപ്പത്തിയഞ്ചു ആക്രമികൾ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവല്ലോ. പുകപടലം പരസ്‌പരം തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ഉണ്ടായിരുന്നു. ആ ആക്രമണത്തിൽ, അവിടെയെത്തിയ മുഹമ്മദിനും പരിക്കേറ്റു. അദ്ദേഹം പെരിന്തൽമണ്ണ മൗലാനാ ആശുപതിയിലായി. മൂന്നാമത്തെ ദിവസം മരണപ്പെട്ടു. രാഷ്ട്രീയ വൈരം തീർക്കാൻ കാത്തുകിടന്ന ആ ആക്രമികൾ കുടുങ്ങി. തങ്ങൾ ഉന്നം വെച്ചവർ കൊല്ലപ്പെട്ടില്ല . മുഹമ്മദിന്റെ വധത്തിന്റെ ഉത്തരവാദിത്തം കൂടി തലയിൽ വരും എന്ന അവസ്ഥയായി. അന്ന് അതിൽ നിന്ന് രക്ഷപ്പെടാൻ ലീഗുകാർ മെനഞ്ഞെടുത്ത കഥയായിരുന്നു , പാലക്കാപറമ്പിൽ മുഹമ്മദിനും പള്ളത്ത് കുടുംബത്തിനും ഇടയിൽ സ്വത്ത് തർക്കവും പകയും ഉണ്ടായിരുന്നു എന്നും, അതിന്റെ വിദ്വേഷത്താൽ അദ്ദേഹത്തെ കൊന്നതാണ് എന്നതും, ആ കൊലപാതകത്തിനായി ആസൂത്രണം ചെയ്‌തതാണ് ബോംബാക്രമണം എന്നൊക്കെ. പോലീസ് നടത്തിയ അന്വേഷണത്തിൽ ബോംബ് വെക്കാൻ നേതൃത്വം നൽകിയ മുപ്പ്പത്തിമൂന്നു പ്രതികളെ കണ്ടെത്തി. കേസെടുത്തു. എന്നാൽ, ലീഗുകാർ പ്രചരിപ്പിക്കുന്നത് സ്വത്ത് തർക്കമോ വിദ്വേഷമോ പള്ളത്ത് കുടുംബത്തിനും മുഹമ്മദിനും ഇടയിൽ ഉണ്ടായിരുന്നില്ല എന്നും, എല്ലാക്കാലത്തും സഹകരിച്ചു കഴിഞ്ഞവരാണ് ഈ കുടുംബങ്ങൾ എന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്ന് മാത്രവുമല്ല; ആ സംഭവത്തിനു മുമ്പെന്ന പോലെ ശേഷവും ഇരുകുടുംബവും തമ്മിലുള്ള ബന്ധവും സൗഹൃദവും തുടരുകയും ചെയ്തിരുന്നു. അന്നാ ബോംബാക്രമണത്തിന്റെ ഗൂഡാലോചന നടത്തിയ ഒരാളുണ്ട്; ഒരു തങ്ങൾ; വഴിയേ അദ്ദേഹത്തിലേക്കു എത്താം . അതിൽ പ്രധാന പ്രതിയായിരുന്നു, 2013-ലെ കൊലപാതകത്തിൽ ഒന്നാം പ്രതിയും ലീഗ് നേതാവും കോങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റും ആയിരുന്ന സിദ്ധീഖ്. കൊലപാതകത്തിലെ മറ്റൊരു പ്രതിയുടെ വീട്ടിൽ നിന്നായിരുന്നു; അന്ന് കുഴിബോംബിനുള്ള ബാറ്ററി കണക്ഷൻ കൊടുത്തിരുന്നത്. ആ സംഭവത്തിനു സാക്ഷിയായിരുന്ന നാട്ടുകാരായ പൂളമണ്ണിൽ മമ്മിക്കയും സീതിക്കോയ തങ്ങളും ഇപ്പോഴും ആവശ്യപ്പെടുന്ന ഒരു കാര്യം 1998 -ലെ ആ ബോംബ് സ്‌ഫോടനത്തിന്റെ പുനരന്വേഷണം ആണ്. കാരണം; കൃത്യമായും അതിലെ പ്രതികൾക്ക് ബന്ധമുള്ളതായിരുന്നു പതിനഞ്ചു കൊല്ലം കഴിഞ്ഞുള്ള നൂറുദ്ധീൻറെയും കുഞ്ഞുഹംസയുടെയും കൊലപാതകത്തിനും.
കല്ലാംകുഴിക്കാരനായ അബ്ദുല്ലക്കോയ തങ്ങൾ എന്ന ലീഗ് നേതാവായിരുന്നു ആ സ്ഫോടന കേസിലെ ഒന്നാം പ്രതി. പ്രദേശത്തെ 30 ലീഗുകാർ വേറെയും. പല കുടുംബങ്ങളിൽ നിന്നുമുള്ളവർ. 2005 വരെ ആ കേസ് സജീവമായി മുന്നോട്ട് പോയി. പ്രതികൾ പലരും പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. അവരുടെ ഉമ്മമാർ ഭാഗത്ത് നിന്ന് പള്ളത്ത് സഹോദരരിലേക്കു നിരന്തരം അപേക്ഷകൾ വന്നു, ഒന്നൊഴിവാക്കി തരുമോ എന്ന് ചോദിച്ചു. മാത്രവുമല്ല, പ്രദേശത്തെ സൗഹൃദം നിലനിൽക്കട്ടെ എന്ന് കരുതി വിശാല ഹൃദയരായ പള്ളത്തുകാർ തങ്ങളെ കൊല്ലാൻ ശ്രമിച്ചവരായിട്ടും, അവർക്ക് ശിക്ഷ ലഭിക്കാത്ത വിധത്തിൽ ഒത്തുതീർപ്പാക്കുകയായിരുന്നു. കളത്തിൽ അബ്ദുല്ല എന്ന മുൻ മണ്ണാർക്കാട് എം.എൽ.എയായ , മുസ്‌ലിം ലീഗ് നേതാവായിരുന്നു അത് ഒത്തുതീർപ്പാക്കാൻ വളരെ കാര്യമായി ശ്രമിച്ചത്. അതിനു കാരണവും ഉണ്ടായിരുന്നു. ജലസ്റ്റിക് ആയിരുന്നു ആ ബോംബ് സ്‌ഫോടനത്തിനു ഉപയോഗിച്ചത്. അന്ന് പല പടക്കകടകളും നടത്തുന്ന അദ്ദേഹത്തിലേക്കും ബന്ധപ്പെട്ടവരിലേക്കും അന്വേഷണം നീങ്ങാനും സാധ്യത ഉണ്ടായിരുന്നു.
രണ്ട്:
പള്ളത്ത് സഹോദരർ അവരുടെ വ്യവഹാരങ്ങളുമായി തുടർന്നു പോന്നു. എല്ലാവരെയും സഹായിക്കും. രാഷ്ട്രീയമായി ലീഗുകാർ ആയിരുന്നില്ല എന്നതിനാൽ സ്വതന്ത്ര നിലപാട് എടുത്തു. അതിനാൽ, തങ്ങളുടെ രാഷ്ട്രീയത്തിന് വേരുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന സഹായങ്ങളേക്കാൾ എത്രയോ ഇരട്ടിയായിരുന്നു പള്ളത്ത് കുടുംബം ആ നാട്ടുകാർക്ക് നൽകിയിരുന്നത്. അതാവട്ടെ ദൈവിക പ്രീതിയല്ലാത്ത മറ്റു താൽപര്യങ്ങളൊന്നും ഇല്ലാത്ത നിഷ്‌കളങ്കമായ സഹായങ്ങളായിരുന്നു.
നൂറുദ്ധീൻ ഉറച്ച സുന്നിയായപ്പോൾ തന്നെ, ഇടത് പക്ഷത്തോട് അനുഭാവം ഉള്ളയാളായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങൾക്കെല്ലാം രമ്യമായ പരിഹാരങ്ങൾക്ക് ശ്രമിച്ചിരുന്നു. കുഞ്ഞിഹംസയാവട്ടെ, രാഷ്ട്രീയമായ അനുഭാവം പോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന നാട്ടിലെ പാവങ്ങൾക്കെല്ലാം പ്രിയപ്പെട്ട ആൾ. നാട്ടുകാരനായ രതീഷ് മഞാന്ചോലക്ക് പറയാനുള്ളത്, തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആളായിരുന്നു കുഞ്ഞിഹംസ എന്നാണ്. അഗാധമായ മാനസിക പ്രയാസത്തിൽ പെട്ട ഒരു കാലത്ത്, തുടർ ജീവിതെത്തെ കുറിച്ച് പോലും ആശങ്കയോടെ ആലോചിച്ച ഘട്ടത്തിൽ നൂറുദ്ധീൻ എല്ലാ സഹായവും നൽകി തനിക്ക് തണലാവുകയായിരുന്നു എന്ന് കണ്ണീരോടെ ഓർമ്മിക്കുന്നു രതീഷ്. ആരെന്തു പ്രയാസം പോയി പറഞ്ഞാലും സ്വന്തം കാര്യം പോലെ ഏറ്റെടുത്ത് നടത്തിത്തരുന്ന അവരെപ്പോലുള്ള വലിയ മനുഷ്യരെ കല്ലാംകുഴിയിൽ നാട്ടിൽ എന്നല്ല, സമീപ ദേശങ്ങളിൽ പോലും കാണാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
പുല്ലട്ട കുഞ്ഞുലക്ഷ്മിക്ക് പറയാനുള്ളത് തന്റെ മകളുടെ വിവാഹത്തിനായി കൈമറന്നു സഹായിച്ച കുഞ്ഞിഹംസയെയാണ്. പ്രയാസം വരുമ്പോൾ ചോദിക്കാതെ തന്നെ മനസ്സിലാക്കി സഹായിക്കുമായിരുന്നു. ആരെയും കാണിക്കാൻ ആയിരുന്നില്ല അത്; പല സഹായങ്ങളും ചെയ്‌തിരുന്നത് വളരെ സ്വകാര്യമായിരുന്നു. ഇസ്‌ലാമിലെ സ്വദഖയുടെ പൂർണ്ണത എന്നത് പ്രവാചകൻ പഠിപ്പിച്ചത്; വലതുകൈ കൊണ്ട് നൽകുമ്പോള് ഇടത് കൈ അറിയാതിരിക്കുന്ന അത്ര സ്വകാര്യത പാലിക്കണം എന്നാണ്. കോട്ടും കൊരവയുമായി സഹായ ദാനം സംഘടിപ്പിക്കുന്നവർക്കു, രാഷ്ട്രീയ താല്പര്യത്തോടെ ജനങ്ങളെ ഒരുമിപ്പിക്കുന്നവർക്ക് പക്ഷേ, ഈ സഹോദരരുടെ ജനകീയമായ അടിത്തറയോട്, ജനഹൃദയങ്ങളിൽ അവർക്ക് കിട്ടുന്ന ആഴമുള്ള അംഗീകാരങ്ങളോട് അസഹിഷ്ണുത ഏറുകയായിരുന്നു. മുച്ചൂടം നിഗ്രഹിക്കാനുള്ള 1998-ഇലെ ശ്രമം പാളിയപ്പോൾ മറ്റൊരവസരത്തിനു കാത്തിരിക്കുകയായിരുന്നു അവർ.
2013- നവമ്ബർ 20ന് രാത്രി നടന്ന ആ കൊലപാതകങ്ങൾ കേരളം കണ്ട ഏറ്റവും ക്രൂരമായ, ഭയാനകമായ, ആസൂത്രിതമായ ഒന്നായിരുന്നു. അടിസ്‌ഥാന കാരണം, പതിറ്റാണ്ടുകളായി പള്ളത്ത് സഹോദരർക്ക് ആ നാട്ടുകാർക്കിടയിൽ കിട്ടുന്ന സ്നേഹ ബഹുമാനങ്ങൾ ആയിരുന്നു. നിഷ്‌കളങ്കമായ അവരുടെ ഹൃദയത്തോടുള്ള ഉള്ളിൽ രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ ശത്രുതയായിരുന്നു. നാട്ടിലെ സാധാരണ കുടുംബ പ്രശ്‌നങ്ങൾ ഒക്കെ, പക്ഷം നോക്കാതെ പരിഹാരം അവരുടെ മുറ്റത്ത് പരിഹരിക്കപ്പെടുന്നതിലെ അമർശമായിരുന്നു. കുഞ്ഞു ഹംസയുടെയും നൂറുദ്ധീൻറെയും വീടിനുമിടയിൽ അവർ ചെറിയ ഒരു നിസ്കാരപള്ളിയുണ്ട്. അത് നാട്ടുകാരുടെ ഒരു സാന്ത്വന കേന്ദ്രവുമായിരുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന സുന്നി സംഘടനകളുമായുള്ള ബന്ധവും അവരുടെ അരിശത്തെ വർദ്ധിപ്പിച്ചു.
പെട്ടെന്നുള്ള ആ കൊലപാതകത്തിന് കാരണമായി നാട്ടുകാർ പറയുന്നത്; സുന്നി സംഘടനകളുമായി ഇരുവർക്കുള്ള ബന്ധവും, പള്ളിയിൽ അനിധികൃതമായി പിരിവ് നടന്നപ്പോൾ അത് ചോദ്യം ചെയ്‌തതുമാണ്. എല്ലാവരുടെയും ആണ് കല്ലാംകുഴി പള്ളി. അത് ഒരു വിഭാഗത്തിന്റെ മാത്രമാക്കി ചുരുക്കാൻ വഖഫ് ബോർഡിനെ ഉപയോഗിച്ചു വ്യാജ രേഖകൾ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ,നിയമപരമായി തന്നെ കുഞ്ഞിഹംസ ചോദ്യം ചെയ്‌തിരുന്നു. അതോടൊപ്പം ലീഗിന്റെ നേതൃത്വത്തിൽ പള്ളിക്കകത്ത് തണൽ എന്ന പേരിൽ പിരിവ് നടത്തിയപ്പോൾ, പള്ളി രാഷ്ട്രീയ വേദിയല്ലെന്നും അവിടെ ആരാധനയാണ് ഉണ്ടാവേണ്ടതെന്നും , വേണ്ടവർക്ക് പിരിവ് പുറത്താകാം എന്നും പറഞ്ഞു അവർ. അതൊക്കെ, തങ്ങളുടെ പാർട്ടി ഗ്രാമമാക്കി കല്ലാംകുഴിയെ മാറ്റാനുള്ള ശ്രമങ്ങൾക്ക് തടസ്സമായിരുന്നു ലീഗുകാർക്ക്. മറ്റൊരു കാരണം, സംഭവം നടക്കുന്നതിന്റെ ദിവസങ്ങൾക്കു മുമ്പ് കല്ലാംകുഴിയിൽ ഡി.വൈ.എഫ്.ഐ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. നൂറുദ്ധീൻ അതിൽ പങ്കെടുത്തിരുന്നു. നൂറുദ്ധീൻറെ സാന്നിധ്യം കാരണം, അത് മുടക്കാൻ ലീഗുകാർക്ക് കഴിഞ്ഞില്ല. ലീഗ് പാർട്ടി ഗ്രാമമായി കാക്കുന്ന ഒരു ദേശത്ത് ആ പൊതുയോഗം അവരെ അസ്വസ്ഥപ്പെടുത്തി.
മൂന്ന്:
നാട്ടുകാരനായ അസൈനാരെയും ബക്കർ മുസ്‌ലിയാരുടെയും നേതൃത്വത്തിൽ മുപ്പതിലധികം പേര് ഒന്നിച്ചു സംസാരിച്ചു: ആ നാട്ടിലെ എല്ലാ നന്മകളിലും ഇടപെടുന്ന, ആരെങ്കിലും അനീതി കാണിച്ചാൽ ഉപദേശിക്കുന്നവരായിരുന്നു നൂറുദ്ധീനും കുഞ്ഞിഹംസയും. അതിനാലാണ്, പള്ളിയിൽ രാഷ്ട്രീയ പിരിവ് നടത്തിയപ്പോഴും, പള്ളി ഒരു വിഭാഗത്തിന്റേത് മാത്രമാക്കി മാറ്റാൻ ശ്രമം നടത്തിയപ്പോഴും അവർ വിയോജിച്ചത്.
2013 നവംബർ 20- വൈകുന്നേരം നൂറുദ്ധീൻ രണ്ടു സുഹൃത്തുക്കളെയും കൊണ്ട് , കുഞ്ഞു ഹംസയുടെ വാഹനത്തിൽ പോയി. അവർ ഇടതു പക്ഷ പ്രാവർത്തകരായിരുന്നു. അവരെ വീട്ടിൽ കയറാൻ ലീഗുകാർ സമ്മതിക്കുന്നില്ല എന്ന് കേട്ടപ്പോൾ പോയി സംസാരിച്ചു പ്രശ്‌ന പരിഹാരം കണ്ടെത്താനായിരുന്നു പ്ലാൻ. കുറച്ചു കഴിഞ്ഞാണ് കുഞ്ഞിഹംസക്കു ലീഗ് നേതാവ് അബ്ദുല്ലക്കോയ തങ്ങളെ വിളിവരുന്നത്. താങ്കൾ ഒന്നു വരണം ഒരു പ്രശ്‌നം പറഞ്ഞു തീർക്കാനുണ്ടെന്നു പറഞ്ഞു. ഒരാഴ്ച മുമ്പ് നടന്ന ചെറിയൊരു അപകടം കാരണം, കാലു മുറിഞ്ഞു പ്ലാസ്റ്റർ വെച്ചാണ് ഹംസ നടക്കുന്നത്. ഒരാളുടെ സഹായത്തോടെയാണ് വാഹനത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യാറ്. പ്രശ്‌ന പരിഹരിക്കാനല്ലേ; പോയേക്കാം എന്ന് പറഞ്ഞു തന്റെ അസുഖം കാര്യമാക്കാതെ ഹംസ നേരെ പോയി. നേരത്തെ ചെന്ന നൂറുദ്ധീനും അവിടെ എത്തുന്നത് അതേ സമയത്താണ്. പലയിടങ്ങളിലായി മറഞ്ഞു നിന്നിരുന്ന മുപ്പത് ലീഗുകാർ വാളും ഇരുമ്പു ദണ്ഡും കൂർത്ത കല്ലുകളും കൊണ്ട് ചാടി വീണു. റോഡിന്റെ നാടുവിലിട്ടു വെട്ടി വീഴ്‌ത്തി. ഹംസക്കു നേരത്തെത്തന്നെ ഒന്നോടാൻ പോലും കഴിയാത്ത അവസ്ഥയാണല്ലോ. ആക്രമണം നടക്കുന്നു വിവരം കേട്ട് മൂത്ത സഹോദരൻ കുഞ്ഞു മുഹമ്മദും ആധിയോടെ അവിടെ എത്തി. അദ്ദേഹത്തെയും തലയിൽ വെട്ടി. ബോധരഹിതനായി വീണ കുഞ്ഞുമുഹമ്മദിനെ റോഡിന്റെ ഒരരികിലേക്കു, മരിച്ചുവെന്ന തീർച്ചയിൽ കിടത്തി. കുഞ്ഞിഹംസയോടും, നൂറുദ്ധീനോടും ആയിരുന്നു അവർക്കു കൂടുതൽ രോഷം. കാരണം, ഇരുവരും ആയിരുന്നു ജനങളുടെ പ്രശ്‍നത്തിൽ കൂടുതലായി ഇടപെട്ടിരുന്നത്. അതിനാൽ വെട്ടിവീഴ്‌ത്തി, ഒരാളെയും അടുക്കാൻ സമ്മതിക്കാതെ അവർ വട്ടം കൂടി നിന്നു. ഈ വാർത്ത പെട്ടെന്ന് പടർന്നു നാട്ടിൽ. ആർക്കും അടുക്കാൻ ധൈര്യം ഇല്ല. അതീവ ഗദ്ഗദത്തോടെ മങ്ങാട്ട് ഹംസ ഓർക്കുന്നു: ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായാവസ്ഥയിൽ ആയിരുന്നു ഞങ്ങൾ.
അവരായിരുന്നു ഞങ്ങളെ എല്ലാം. അവരെ, ഇറച്ചി വെട്ടും പോലെ വെട്ടിയിരിക്കുകയായിരുന്നു.
പോലീസിനെ അറിയിച്ചു. എത്തിയത് ഏറെ വൈകി. എല്ലാം പ്ലാൻഡ് ആയിരുന്നു എന്ന് തെളിയിക്കുന്ന സംഭവം. അപ്പോഴേക്ക് രണ്ടു പേരും മരണപ്പെട്ടിരുന്നു. പോലീസ് ന്യായീകരിച്ചു; മണ്ണാർക്കാട് ബ്ലോക്ക് ആയിരുന്നുവെന്ന്. കോങ്ങാട് മണ്ഡലത്തിൽ പെട്ട സ്ഥലം ആണെകിലും മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ കീഴിലാണ് ഈ സ്ഥലം. പിന്നീട് തുടർച്ചയായി കണ്ടു പ്രതികളെ രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമങ്ങൾ. ലീഗുകാർ പ്രതികൾക്ക് എല്ലാ സപ്പോർട്ടും നൽകി. എല്ലാവരും ലീഗുകാരായിരുന്നു. 27 പേര്. പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിദ്ധീഖ് ആയിരുന്നു ഒന്നാം പ്രതി. പല കുടുംബങ്ങളിൽ നിന്നുമുള്ള യൂത്ത് ലീഗിന്റെയും പ്രവർത്തകർ. പ്രത്യക്ഷത്തിൽ കൊലപാതകത്തിൽ പങ്കെടുത്ത 27 പേര് മാത്രമായിരുന്നു പ്രതികൾ. അബ്ദുല്ലക്കോയ തങ്ങൾ അടക്കമുള്ള അത് ആസൂത്രണം ചെയ്തുവെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്ന ആളൊക്കെ ഒരു കേസിലും പെടാതെ കല്ലാംകുഴിയിൽ ഇപ്പോഴും വിഹരിക്കുന്നുണ്ട്.
90 ദിവസത്തിനകം ചാർജ് ഷീറ്റ് നൽകിയാൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ല. എന്നാൽ പോലീസ് മനഃപൂർവ്വം വൈകിച്ചു. പ്രതികൾക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാൻ പാകത്തിൽ 93-മത് ദിവസമാണ് ചാർജ് ഷീറ്റ് നൽകുന്നത്. സുന്നി സംഘടനകൾ നിരന്തരം ഇടപെട്ടു. പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. എന്നാൽ, പ്രതികളെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് എടുത്തത്. ഭരണകൂടത്തിന്റെ കൃത്യമായ പിന്തുണ ഉണ്ടായിരുന്നു.
മുൻ കോൺഗ്രസ് കോങ്ങാട് മണ്ഡലം അംഗം രാമദാസ് പറയുന്നു: എ.പി വിഭാഗം സുന്നികളെ തകർക്കാനുള്ള ശ്രമമാണ് അതിലൂടെ നടന്നത്. മണ്ണാർക്കാട് പഞ്ചായത്തിലെയും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെയും മുസ്‌ലിം ലീഗിന് കൃത്യമായ പങ്കുണ്ട് ഈ കൊലപാടാത്തകത്തിലും അതിന്റെ ആസൂത്രണത്തിലും. കോൺഗ്രസ് അന്ന് കാണിച്ച, ഒട്ടും ദയയില്ലാത്ത പ്രതികളെ പിന്താങ്ങുന്ന സമീപനത്തിൽ പ്രതിഷേധിച്ചു ഞാൻ പാർട്ടി വിട്ടു.
അതൊരു കുടുംബ പകയുടെ ബാക്കിപത്രമാക്കാൻ, സ്ഥലം എം.എൽ.എ ഷംസുദ്ധീനും , മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ളയുമെല്ലാം ശ്രമിച്ചു. മാധ്യമങ്ങൾ തിരിഞ്ഞു നോക്കിയില്ല. ചാനൽ ചർച്ചകൾ നടന്നില്ല. ബോധപൂർവം വസ്തുതകളെ മറപ്പിക്കാനും, ദിശാമാറ്റാനും ശ്രമിക്കുന്ന പോലീസിന്റെ, ലീഗിന്റെ രീതിശാസ്‌ത്രം എന്തായിരുന്നു ആർക്കും ഒരു വിഷയവും ആകാതിരുന്നത് എന്ന് കുറെ ആലോചിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞാൻ ശ്രദ്ദിച്ചു. 36 വെട്ടുണ്ടായിരുന്നു കുഞ്ഞിഹംസയുടെ ദേഹത്ത്. 27 എണ്ണം നൂറുദ്ധീൻറെ ദേഹത്തും. അവരുടെ സഹോദര പുത്രനായ സുഹൈൽ അയവിറക്കി; ആ ഭീകര നാളിന്റെ ഓർമ. ഗൾഫിലായിരുന്ന സുഹൈൽ വിവരം അറിഞ്ഞു പെട്ടെന്ന് എത്തിയതാണ്. എപ്പോഴും നിറഞ്ഞ ചിരിയോടെ കാണുന്ന നൂറുവിന്റെ ശരീരം വെട്ടിയിട്ടത് കണ്ടു സഹിക്കാനായില്ല . മൂർച്ചയുള്ള കല്ലുകൾ കൊണ്ട് മുഖത്ത് ആഞ്ഞടിച്ചു വികൃതമാക്കിയത് കണ്ടപ്പോൾ കരൾ പിടഞ്ഞു പോയി: സുഹൈൽ പറയുന്നു.
പ്രതികളെല്ലാം ജാമ്യത്തിലാണ്. അന്നാട്ടുകാരനായ ഒരു ഹൈന്ദവ സഹോദരനാണ് എനിക്ക് വിവര ശേഖരണം നടത്താൻ വഴി കാണിച്ചു തന്നത്. ഭീതിയോടെയായിരുന്നു ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആ അന്വേഷണം. രണ്ടു മനുഷ്യരെ പച്ചക്കു കൊന്ന ആളുകളുടെ ഇടയിലൂടെയല്ലേ. കല്ലാംകുഴി അങ്ങാടിയിൽ നെഞ്ചുവിരിച്ചിരിക്കുന്ന, ആ അബ്ദുല്ലക്കോയ തങ്ങളെ അദ്ദേഹം എനിക്ക് കാണിച്ചു തന്നു( എങ്ങനെയാണ് ഒരു തങ്ങൾക്ക് ഇത്ര ക്രൂരനാവാൻ പറ്റുക എന്ന് ആലോചിച്ചു കുറെ, രാഷ്ട്രീയത്തിമിരം എല്ലാ നൈതികതെയെയെയും നശിപ്പിക്കും എന്ന് തിരിച്ചറിവ് ലഭിച്ചു ആ യാത്രയിൽ). പലയിടങ്ങളിലായി ബൈക്കിലും മറ്റും കറങ്ങുന്ന പ്രതികളെ കണ്ടു.
നാല്:
കരൾ പിടക്കുന്ന ഒരു പ്രാർത്ഥന ഇന്നും ഒരു ഞെട്ടലോടെ ഞാൻ ഓർക്കുന്നു. 90 കഴിഞ്ഞ അവരുടെ ഉമ്മയുടെ. “എന്റെ കുട്ടികൾ നല്ലവരായിരുന്നു. എന്നും നന്മക്ക് വേണ്ടി നിന്നു. ആരെയും ഉപദ്രവിക്കില്ല. എല്ലാവരെയും സഹായിച്ചു. എന്നിട്ടും ലീഗുകാർ വെട്ടിക്കൂട്ടിയില്ലേ. പടച്ചോൻ കൊടുക്കും അവർക്ക്. അല്ലാഹുവിന്റെ കോടതിയിൽ വെച്ച് ഞാനവരോട് ചോദിക്കും; എന്തിനാ എന്റെ കുഞ്ഞുങ്ങളെ നിങ്ങൾ കൊന്നതെന്ന്” ആ വാക്കുകൾ ഉണ്ടാക്കിയ വിഷമം ഇപ്പോഴും മാറിയിട്ടില്ല.
നാട്ടുകാർ എല്ലാവരും നിസ്സഹായാവസ്ഥയുടെ നെറുകയിലാണ്. കാരണം സ്വസ്ഥമായി കഴിഞ്ഞിരുന്ന ആ ഗ്രാമത്തിൽ ഭീതി വന്നു. ആ നാട്ടിലെ ഏറ്റവും നന്മയുള്ള സാമൂഹികമായി മുകൾത്തട്ടിൽ നിൽക്കുന്ന രണ്ടാളുകളെ കൊന്ന പ്രതികൾ സ്വൈര വിഹാരം നടത്തുന്ന കാഴ്ച അവർ കാണുന്നു. തങ്ങളുടെയൊക്കെ ആശാ കേന്ദ്രമായിരുന്ന ആ കുടുംബം അനാഥമായിരിക്കുന്നു എന്ന യാഥാർഥ്യം അവരെ ഏറെ വേദനിപ്പിക്കുന്നു.
സുഹൈൽ അന്ന് ഗൾഫ് ഉപേക്ഷിതാണ്. തന്റെ എളാപ്പമാർക്കുള്ള നീതി തേടിയുള്ള അന്വേഷണത്തിലാണ്. പ്രതികൾ ശിക്ഷിക്കപ്പെടും എന്ന് തന്നെ വിശ്വസിക്കുന്നു. 1998-ലെ ബോംബ് സ്ഫോടനം വഴിയുള്ള കൊലപാതക ശ്രമവും , 2013 ലെ കൊലപാതകവും തമ്മിൽ കൃത്യമായ ബന്ധമുണ്ടെന്നും അത് രണ്ടും , ആസൂത്രണം അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തിയാൽ പ്രതികളും സംരക്ഷകരും വലയിലാവും എന്ന് തന്നെ സുഹൈൽ വിശ്വസിക്കുന്നു.
പള്ളത്ത് കുഞ്ഞുമുഹമ്മദ് ആ ഭീതി നിറഞ്ഞ ഓര്മകളോടെ തനിക്കു കിട്ടിയ വെട്ടു കാണിച്ചു തന്നു. രണ്ടു പ്രാവശ്യം കൊലപാതകത്തിൽ നിന്ന് രക്ഷപ്പെട്ട അനുഭവം പറഞ്ഞു. തന്നെ കൊല്ലാൻ ശ്രമിച്ചവർ, തന്റെ സഹോദരരെ കൊന്നവർ, സംരക്ഷിക്കാക്കപ്പെട്ടു കഴിയുകയും, അവർക്ക് മുമ്പിലൂടെ പോവേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ഭീകരമായിരിക്കും.
ആ വീട്ടിൽ നിന്ന് പോരുമ്പോൾ ഞാൻ ഹൈഫ മോളെ ഒരു മുത്തം നൽകി. നൂറുദ്ധീൻറെ ചെറിയ മോളാണ്. കൊല്ലപ്പെടുമ്പോൾ ഒന്നര വയസ്സാണ് അവൾക്ക് പ്രായം. ഉപ്പായെ ഓർമ കൂടിയില്ല ആ കുട്ടിക്ക്. മനസ്സ് പറയുന്നു; മൂടി വെക്കാൻ ശ്രമിച്ച എല്ലാ തന്ത്രങ്ങളും അനാവരണം ചെയ്യപ്പെടും ഒരു നാൾ.
✍️ ലുഖ്മാൻ കരുവാരക്കുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.