മാവൂർ കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് സംഘം സമർപ്പിച്ച റിപ്പോർട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് മടക്കി. കൂടുതൽ വ്യക്തത തേടിയാണ് റിപ്പോർട്ട് തിരിച്ചയച്ചത്. മാനുഷികമായ പിഴവോ ജാക്കിന്റെ തകരാറോ ആണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന്റെ കാരണം വ്യക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു. മാനുഷിക പിഴവാണെങ്കിൽ ആവശ്യത്തിന് വിദഗ്ധ തൊഴിലാളികൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം.സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നു വ്യക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു. കോഴിക്കോട്– മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മേയ് 16ന് രാവിലെയാണ് അപകടം നടന്നത്. 3 ബീമുകൾ നിർമാണത്തിനിടെ തകർന്നു വീണു. 309 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണം 90 ശതമാനം പൂർത്തിയായ ഘട്ടത്തിലാണ് അപകടം നടന്നത്.
മുൻകൂട്ടി വാർത്ത ബീമുകൾ തൂണുകളിൽ ഉറപ്പിക്കാൻ താഴ്ത്തുമ്പോൾ അടിയിൽ വച്ച ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതായതോടെ ബീം ചരിഞ്ഞു താഴുകയായിരുന്നു. 35 മീറ്റർ നീളമുള്ള വലിയ മൂന്നു ബീമുകളിൽ ഒന്ന് പൂർണമായും രണ്ടെണ്ണം ഭാഗികമായും പുഴയിൽ പതിച്ചു. ഒരാൾക്കു പരുക്കേറ്റു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 25 കോടിരൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









