വടകര: കനത്ത മഴയിൽ ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നു. 24 മണിക്കൂറിനിടെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശേരിയിൽ ഒരു വീടിനുമാണ് നാശമുണ്ടയതെന്ന് ദുരന്ത നിവാരണ സെൽ അറിയിച്ചു. ശക്തമായ മഴയിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കടൽക്ഷോഭം രൂക്ഷമായതിനാൽ തീരദേശം ആശങ്കയിൽ. മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഗ്രാമീണ റോഡുകളിൽ വെള്ളം കയറി യാത്ര ദുരിതമായി. ചങ്ങരോത്ത് പഞ്ചായത്തിൽ ഒമ്പതാം വാർഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിർമാണത്തിലിരുന്ന വീട് തകർന്നു. കീഴരിയൂർ വില്ലേജിലെ കോണിൽ മീത്തൽ കൃഷ്ണന്റെ വീട് ഭാഗികമായി തകർന്നു. കോട്ടൂർ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കൽ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ മാതു കോളിയാട്ടുപൊയിൽ, ബിനീഷ് എന്നിവരുടെ വീടുകൾക്കും നാശമുണ്ടായി. അതെ സമയം മൂരാട് പാലത്തിനടുത്ത് മണ്ണിടിഞ്ഞ് നിരവധി വീടുകൾക്ക് ഭീഷണി യായിട്ടുണ്ട്. പാലംപണിയുടെ പൈലിങ്ങാണ് മണ്ണിടിച്ചിലിന് കാരണമായത്. ഗസൽ വീട്ടിൽ പി കെ അഹമ്മദ്, മിഷ്യൻ പറമ്പത്ത് നിയാസ്, പള്ളിപ്പറമ്പത്ത് ലക്ഷ്മി, മിഷ്യൻ പറമ്പത്ത് മജീദ് എന്നിവരുടെ വീടിനാണ് മണ്ണിടിച്ചിൽ ഭീഷണിയായത്. നല്ലളം വെള്ളത്തും പാടത്ത് ഫൈസലിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ചെറുവണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകിവീണ് എടക്കയിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീട് ഭാഗികമായി തകരുകയും പോർച്ചിൽ നിർത്തിയിട്ട കാറിന് കേടുപാട് സംഭവിക്കുകയും ചെയ്തു. അപകടത്തിൽ വീടിന്റെ സൺഷെയ്ഡും പില്ലറുകളും തകർന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









