തിരുവനന്തപുരം: യുഡിഎഫ് നിര്‍ത്തിവെച്ച സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം പുനരാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തി. പ്രത്യക്ഷസമരങ്ങള്‍ നടത്തേണ്ടതില്ലെന്ന തീരുമാനം പിന്‍വലിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള അഞ്ച് നേതാക്കള്‍ മാത്രം അണിനിരന്ന സമരം. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, ഷിബു ബേബി ജോണ്‍, എംഎല്‍എമാരായ ടി വി ഇബ്രാഹിം, വി എസ് ശിവകുമാര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കാളികളായത്.
മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. ‘ജനങ്ങള്‍ വഞ്ചിക്കപ്പെട്ടു. ആറ് തവണ മുഖ്യമന്ത്രി സ്വപ്നാസുരേഷിനെ കണ്ടു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയായാണ്’. ഇനിയെങ്കിലും മുഖ്യമന്ത്രി രാജിക്ക് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എല്ലാ ഒത്താശയും മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തുനല്‍കി. വൈകുന്നേരം പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി അധംപതിച്ചു’ ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഇത്രയും നുണയനായ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ കയ്യാമം വെച്ച് കൊണ്ട് പോകുന്നത് കാണാന്‍ വയ്യാത്തതിനാല്‍ പാര്‍ട്ടി രാജി ആവശ്യപ്പെടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ പ്രത്യക്ഷസമരം പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. തുടര്‍ന്നായിരുന്നു സമരം വീണ്ടും നടത്താന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫ് സബ് കമ്മിറ്റി യോഗത്തിന് ശേഷം പെട്ടെന്ന് പ്രകടനം നടത്താന്‍ നേതാക്കള്‍ തീരുമാനിക്കയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.