ജയ്പുര്‍: രാജസ്ഥാനില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ക്ഷേത്ര പൂജാരിയെ തീകൊളുത്തി കൊലപ്പെടുത്തി. കരോൾ ജില്ലയിലെ സപൊത്ര ഡിവിഷനിലെ ബോക്ന ഗ്രാമത്തിലാണ് സംഭവം. രാധാകൃഷ്ണ ക്ഷേത്രത്തിലെ പൂജാരി ബാബുലാല്‍ വൈഷ്ണവ്(50) ആണ് മരിച്ചത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് മൃദുൽ കചാവ പറഞ്ഞു.
രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 5.2 ഏക്കര്‍ സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുരോഹിതൻ കുടുംബത്തോടൊപ്പം ക്ഷേത്രപരിസരത്ത് കൃഷിചെയ്യാറുണ്ടായിരുന്നു. ഈ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന തന്റെ പേരിലുള്ള സ്ഥലത്ത് ബാബു ലാല്‍ വൈഷ്ണവ് ഒരു വീട് നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഭൂമി മണ്ണുമാന്തിയന്ത്രം കൊണ്ട് നിരപ്പാക്കിയതോടെ ഗ്രാമത്തിലെ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട മീണ സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ ഇതിനെ എതിര്‍ക്കുകയും ഭൂമി അവരുടെ പാരമ്ബര്യസ്വത്താണെന്ന് അവകാശപ്പെടുകയും ചെയ്തു.
പിന്നീട് തര്‍ക്കം ഗ്രാമമുഖ്യരുടെ അടുക്കലെത്തി. അവര്‍ പൂജാരിക്ക് അനുകൂലമായി വിധി പറഞ്ഞതോടെ, അവിടെ വിളവെടുത്ത ബജ്റ ധാന്യത്തിന്റെ വൈക്കോല്‍ കെട്ടുകള്‍ ഉടമസ്ഥാവകാശത്തിന്റെ അടയാളമായി അതിര്‍ത്തിയില്‍ വെച്ചു. എന്നാല്‍ എതിര്‍ഭാഗത്തുള്ളവര്‍ പൂജാരി നിരപ്പാക്കിയ സ്ഥലത്ത് സ്വന്തമായി കുടില്‍ പണിയാന്‍ തുടങ്ങിയത് വാക്കേറ്റത്തിന് കാരണമായി. ബുധനാഴ്ച പ്രതികള്‍ തര്‍ക്ക സ്ഥലത്ത് കിടന്ന വൈക്കോല്‍ കൂനകള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയും അദ്ദേഹത്തെ അതിലേക്ക് തള്ളിയിട്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.
ഗുരുതരമായ പൊള്ളലോടെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂജാരി വ്യാഴാഴ്ചയോടെ മരിച്ചു. പ്രതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൂജാരി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി കൈലാഷ് മീണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈലാഷ്, ശങ്കര്‍, നമോ മീണ, മറ്റ് മൂന്ന് പേര് എന്നിവര്‍ക്കെതിരെയാണ് പുരോഹിതന് മൊഴി നല്‍കിയിട്ടുള്ളത്.
മറ്റുള്ള പ്രതികളെ പിടികൂടുന്നതിനായി കരൗലി അഡീഷണൽ എസ്പി പ്രകാശ് ചന്ദിന്റെ മേൽനോട്ടത്തിൽ നിരവധി ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു, മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സംഭവത്തെ അപലപിക്കുകയും കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുകയും ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.