കോഴിക്കോട്: വിവാഹ മുടക്കികൾ ജാഗ്രതൈ. നിങ്ങളെ കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിനടുത്തുള്ള ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പ് ബോർഡുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് സ്ഥിരമായി പല കാരണങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും വിവാഹം മുടക്കുന്നതിൽ രോഷം കൊണ്ടാണ് നാട്ടുകാരായ യുവാക്കൾ സംഘടിച്ചതെന്നാണ് പറയുന്നത്.
പോസ്റ്ററിലെ മുന്നറിയിപ്പ് ഇങ്ങനെ:- “വിവാഹം മുടക്കികളായ” ശ്രദ്ധയ്ക്ക്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹം മുടക്കുന്നവർ സൂക്ഷിക്കുക. ആളെ തിരിച്ചറിഞ്ഞാൽ പ്രായവും ജാതിയും രാഷ്ട്രീയവും ഗ്രൂപ്പും നോക്കാതെ വീട്ടിൽ കയറി മർദിക്കും. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും തല്ലും എന്ന കാര്യത്തിൽ സംശയമില്ല. നിങ്ങൾക്കും വളർന്നുവരുന്ന കുട്ടികളും പേരക്കുട്ടികളും ഉണ്ടെന്ന് ഓർക്കുക. “ഗോവിന്ദപുരം ചുണക്കുട്ടികൾ ” എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
പ്രദേശത്ത് ഇത്തരമൊരു ബോർഡ് പ്രത്യക്ഷപ്പെട്ടതോടെ ക്രമസമാധാന പ്രശ്‌നമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ പല ചെറിയ അങ്ങാടികളിലും യുവാക്കൾ വിവാഹമുടക്കികൾക്കെതിരെ ബോർഡുകൾ വയ്ക്കുന്നത് പതിവായിരുന്നു. ഇന്ന് ഒരു വ്യക്തിയെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ഇന്ന് പല മാർഗ്ഗങ്ങളുണ്ടെങ്കിലും നഗരപ്രദേശങ്ങളിൽ പോലും വിവാഹ മുടക്കികൾ ഇപ്പോഴും വിലസുന്നതായാണ് ഗോവിന്ദപുരത്തെ ബോർഡ് ചൂണ്ടിക്കാട്ടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.