പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പുനലൂർ മാവിളയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പോപ്പുലർഫ്രണ്ട് പ്രവർത്തകനായ കാര്യറ ആലുവിള വീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി (25) ആണ് അറസ്റ്റിലായത്. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ പോപ്പുലർ ഫ്രണ്ട് ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഫ്ലവേഴ്സ് ചാനലിലെ ജസ്റ്റ് എ മിനുട്ട് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബാസിത് പ്രശസ്തനായത്. വിതുര കെഎസ്ആർടിസി ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനുനേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു. കേസില്‍ പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം പിടിയിലായ അനീഷിനെ ചോദ്യംചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. 80ഓളം സി.സി.ടി.വി.ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
പുനലൂരിലും തെന്മലയിലും കുന്നിക്കോടും ലോറിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട്. കല്ലേറിൽ കെഎസ്ആർടിസിക്ക് മൂന്നുലക്ഷം രൂപയുടെയും ലോറിക്ക് ഒന്നരലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പുനലൂർ ഇൻസ്പെക്ടർ രാജേഷ്‍കുമാർ, എസ്ഐമാരായ ഹരീഷ്, ജിസ് മാത്യൂ, സിപിഒമാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും പിടിയിലായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









