കണ്ണൂര്‍: അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അവസാന കാലത്ത് നേരിട്ടത് വലിയ പ്രതിസന്ധികള്‍. ജീവിക്കനായി അദ്ദേഹം ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്ത കാര്യം പല സഹപ്രവര്‍ത്തകരും അറിഞ്ഞിരുന്നില്ല. സംഘടനയ്ക്കുള്ളിലും പാർലമെന്‍ററി രംഗത്തും ചുമതലകൾ ഇല്ലാതെ വന്നതോടെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫിൽ ഇൻഷുറൻസ് മാനേജറായി പാച്ചേനി ജോലിക്ക് ചേർന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കണമെന്നും വീട് വയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കഴിഞ്ഞ വർഷം ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം കെപിസിസി അംഗം മാത്രമായി തുടരുകയായിരുന്നു സതീശൻ പാച്ചേനി. തുടർന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റ് ലൈഫ് ഇൻഷുറൻസിൽ ഒരു അഭിമുഖത്തിന് ഉദ്യോഗാർത്ഥിയായി പാച്ചേനി പോയത്. ഇന്‍റർവ്യൂ പാസായി ഇൻഷുറൻസ് മാനേജറായി ജൂണിൽ ജോലിയിൽ കയറി. മെറ്റ് ലൈഫ് ഇൻഷൂറൻസിലേക്ക് നിക്ഷേപകരെ ആകർഷിക്കലും ഫീൽഡ് വർക്കിനായി പുതുതായി ആളുകളെ ചേർക്കലുമായിരുന്നു ജോലി. വീട് വെക്കാൻ സൂക്ഷിച്ച പണം ഡിഡിസി ഓഫീസ് കെട്ടിട നിർമ്മാണത്തിന് ചെലവാക്കി. ഇത് പിന്നീട് പാർട്ടി തിരികെ നൽകി. സംഘടന പ്രവർത്തനത്തിനിടെയുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പലപ്പോഴും സുഹൃത്തുക്കളിൽ നിന്ന് കടംവാങ്ങിയും സ്വർണ്ണം പണയം വച്ചുമൊക്കെയാണ് പാച്ചേനി പണം കണ്ടെത്തിയിരുന്നത്. ബാങ്ക് ലോൺ ഉൾപെടെ പത്ത് ലക്ഷത്തിലധികം രൂപ പാച്ചേനിക്ക് ബാധ്യത ഉണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരൻ സുരേഷിന്‍റെ വീട്ടിലായിരുന്നു പാച്ചേനിയുടെ മൃതദേഹം ബന്ധുക്കൾക്കും നാട്ടുകാർക്കും അന്തിമോപചാരം അർപ്പിക്കാനായി വച്ചത്. പാർട്ടി ഓഫീസിനായി വീടുവിറ്റ പണം പോലും ചെലവഴിച്ച സതീശന്‍റെ കടങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീട് വച്ചുനൽകുമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ അറിയിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









