വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി വിധി. ആ സ്വത്തില്‍ ഭര്‍ത്താവിന് അവകാശം വേണമെന്നില്ലെന്നും കോടതി വ്യക്തമാക്കി. ഭർത്താവിനൊപ്പം മുമ്പ് ആ വീട്ടില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നും ഭാര്യക്ക് അതേ വീട്ടില്‍ താമസാവകാശമുണ്ട്. ദാമ്പത്യതർക്കവും ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
സുപ്രിംകോടതിയുടെ ഈ വിധി കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ്. സുപ്രിംകോടതി വിധിച്ചത് വിവാഹ മോചനം നേടിയ സ്ത്രീയ ഭര്‍ത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ആ വീട്ടില്‍ തന്നെ താമസം തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും ആണ്. വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ്.
ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടിൽ മാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നും ഭർത്താവിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടിൽ താമസിക്കാൻ മരുമകൾക്ക് അവകാശമില്ലെന്നും ആയിരുന്നു 2006-ലെ സുപ്രീംകോടതി വിധി. എന്നാല്‍ ഭർത്താവിന്‍റെ ബന്ധുവീടാണെങ്കിൽപ്പോലും അതിൽ ദമ്പതിമാർ മുമ്പ് താമസിച്ചതാണെങ്കിൽ ഭാര്യക്ക് തുടർന്നും താമസാവകാശമുണ്ടെന്നാണ് മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഗാർഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പുപ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്‍റെ നിർവചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്.
മകന്‍റെ ഭാര്യക്കെതിരേ ഡൽഹിയിലെ സതീഷ് ചന്ദ്ര അഹൂജ നൽകിയ പരാതിയിലാണ് സുപ്രീംകോടതിയുടെ വിധി. വീടിന്‍റെ മുകളിലെ നിലയിലാണ് സതീഷ് ചന്ദ്ര അഹൂജയുടെ മൂത്തമകനും ഭാര്യയും താമസിച്ചിരുന്നത്. പിന്നീട് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പിണങ്ങുകയും വിവാഹമോചനക്കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ ഭാര്യ ഗാർഹികപീഡന പരാതിയും നൽകി. തുടര്‍ന്നാണ് തന്‍റെ വീട്ടില്‍ നിന്ന് മകന്‍റെ ഭാര്യയെ ഇറക്കിവിടണമെന്ന് കാണിച്ച് സതീഷ് ചന്ദ്ര അഹൂജ കോടതിയെ സമീപിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.