ശൗചാലയത്തിന്റെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും മാലിന്യം നിക്ഷേപിക്കാനുള്ള മറ്റൊരു സ്ഥലം കൂടിയായിട്ടാണ് പലരും കക്കൂസിനെ കണക്കാക്കുന്നത്. ഇത് പിന്നീട് സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പിലെ തടസ്സം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. ടോയ്‌ലറ്റ് സുഗമമായി പ്രവർത്തിക്കാൻ, അവയിലിടുന്ന കാര്യങ്ങളിൽ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ടോയ്‌ലറ്റിൽ നിക്ഷേപിച്ച് ഫ്‌ളഷ് ചെയ്‌താൽ എല്ലാം ശരിയായെന്ന് കരുതുന്നവർ ഇതൊന്നു ശ്രദ്ധിക്കുക..
ടോയ്‌ലറ്റിൽ നിക്ഷേപിക്കാൻ പാടില്ലാത്ത വസ്തുക്കൾ:
ബേബി വൈപ്‌സ്: ബേബി വൈപ്പുകൾ ഒരിക്കലും ടോയ്‌ലെറ്റിലിട്ട് ഫ്ലഷ് ചെയ്യരുത്, ഇത് പിന്നീട് പ്ലംബിംഗ് പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
കോട്ടൺ ഉത്പന്നങ്ങൾ കക്കൂസിൽ ഇട്ടാൽ ഫ്‌ളഷ് ചെയ്ത് പോകുമെങ്കിലും ഇവ പൈപ്പിനുള്ളിൽ ഒന്നിച്ച് കൂടിയിരുന്ന് തടസം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.
സാനിറ്ററി പാഡുകൾ, ടാംപോണുകൾ: പലരും സാനിറ്ററി പാഡുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ അവ നേരിട്ട് കക്കൂസിൽ നിക്ഷേപിച്ച് ഫ്‌ളഷ് ചെയ്യാറുണ്ട്. എന്നാൽ ഇത് വളരെ പെട്ടെന്ന് ബ്ലോക്ക് ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതിനാൽ പാഡുകൾ കീറി അവയ്‌ക്കുള്ളിലെ പഞ്ഞി മാത്രമെടുത്ത് നിക്ഷേപിക്കുകയാണ് പതിവ്. എന്നാൽ പാഡിനുള്ളിലെ പഞ്ഞിയും ടോയ്‌ലെറ്റിൽ നിക്ഷേപിക്കരുതെന്നതാണ് യാഥാർത്ഥ്യം. ഇവ ഫ്‌ളഷ് ചെയ്താൽ പോകുമെങ്കിലും പിന്നീട് പ്രശ്‌നം സൃഷ്ടിച്ചേക്കും. പാഡിനുള്ളിലെ പഞ്ഞി വെള്ളത്തെ ആഗിരണം ചെയ്യുമെന്നതിനാൽ ഇവ കുമിഞ്ഞുകൂടി കിടന്ന് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിനിടയിൽ തടസമുണ്ടാക്കിയേക്കാം. അതിനാൽ ടോയ്‌ലെറ്റിൽ ഒരിക്കലും പാഡിനുള്ളിലെ പഞ്ഞി നിക്ഷേപിക്കാതിരിക്കുക. ഇവ മാറ്റിവച്ച് ഈർപ്പം പോയതിന് ശേഷം കത്തിച്ചുകളയാൻ ശ്രമിക്കുക.
ഗർഭനിരോധന ഉറകൾ: ഇത്തരം വസ്തുക്കളും ടോയ്‌ലെറ്റിൽ നിക്ഷേപിക്കുന്നതിന് അനുയോജ്യമായതല്ല. ഇവ ടാങ്കിലോ പൈപ്പിലോ പിന്നീട് ബ്ലോക്ക് ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഡെന്റൽ ഫ്‌ളോസ്: വെറുമൊരു നൂലായ ഡെന്റൽ ഫ്‌ളോസ് കക്കൂസിൽ നിക്ഷേപിച്ചാൽ എന്ത് പ്രശ്‌നം സംഭവിക്കാനാണെന്ന് കരുതുന്നവരാണ് മിക്കയാളുകളും. എന്നാൽ ഇവയൊരിക്കലും ടോയ്‌ലെറ്റിൽ ഉപേക്ഷിച്ച് ഫ്‌ളഷ് ചെയ്യരുത്. നൂലുകൾ കൂട്ടിപ്പിണഞ്ഞ് വലയുടെ രൂപത്തിലാവുകയും ഇത് പിന്നീട് ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്‌തേക്കാം. സമാനമായ പ്രശ്‌നം തന്നെയാണ് തലമുടി കക്കൂസിൽ നിക്ഷേപിച്ചാലും സംഭവിക്കുന്നത്.
ടിഷ്യൂ പേപ്പർ: ടോയ്‌ലെറ്റ് പേപ്പറിന് സമാനമാണെങ്കിലും ടിഷ്യൂ പേപ്പർ കക്കൂസിലിടാൻ പാടില്ല. ഇവ ചവറ്റുകുട്ടയിൽ മാത്രമേ നിക്ഷേപിക്കാവൂ..
മരുന്നുകൾ: ബാക്കി വന്ന മരുന്നുകൾ, ടാബ്‌ലെറ്റുകൾ, ഗുളികകൾ എന്നിവയും ടോയ്‌ലെറ്റിലിടരുത്. ഇത് ചില പാരിസ്ഥിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.
ഇവ കൂടാതെ സിഗരറ്റ് കുറ്റികൾ, ച്യൂയിംങ് ഗം, ചത്ത വളർത്തുമീനുകൾ, ഭക്ഷണ അവിശിഷ്ടങ്ങൾ, ബ്ലീച്ചിംഗ് പൗഡർ എന്നിവയും ടോയ്‌ലെറ്റിൽ ഇടരുത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.