വര്‍ഷങ്ങളോളം അനധികൃതമായി സര്‍വ്വീസില്‍ നിന്നും വിട്ടു നിന്ന ഡോക്‌ടര്‍മാരെയും വിവിധ ജീവനക്കാരെയും ആരോഗ്യവകുപ്പില്‍ നിന്നും പിരിച്ചുവിടുന്നു. 385 ഡോക്‌ടര്‍മാരെയും 47 ജീവനക്കാരെയുമാണ് പുറത്താക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടത്. കൊവിഡ് കാലത്ത് ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ആരോഗ്യവകുപ്പിന് ആവശ്യമുണ്ട്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വീസില്‍ തിരികെയെത്താത്തതിനാലാണ് പിരിച്ചുവിടുന്നത്. മുന്‍പ് അനധികൃതമായി ജോലിക്കെത്താത്ത 36 ഡോക്‌ടര്‍മാരെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു.
നിലവില്‍ പുറത്താക്കപ്പെട്ടവരില്‍ പ്രൊബേഷന്‍കാരും സ്ഥിരം ജോലിക്കാരുമായ ഡോക്‌ടര്‍മാരുണ്ട്. ഇവര്‍ക്ക് പിന്നാലെ അനധികൃത അവധിയിലായ അഞ്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നാല് ഫാര്‍മസിസ്‌റ്റുകള്‍, ഒരു ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, രണ്ട് ദന്തല്‍ ഹൈജിനിസ്‌റ്റുമാര്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍, രണ്ട് റേഡിയോഗ്രാഫര്‍മാര്‍, രണ്ട് ഒപ്‌റ്റോമെട്രിസ്‌റ്റ് ഗ്രേഡ്- രണ്ട്, ഒരു ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട്, മൂന്ന് റെക്കോഡ് ലൈബ്രേറിയന്‍മാര്‍, ഒരു പി.എച്ച്.എന്‍. ട്യൂട്ടര്‍, മൂന്ന് ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെയാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.
പ്രകൃതി ക്ഷോഭവും കൊവിഡും നേരിടാന്‍ സംസ്ഥാനത്ത് നിരവധി ആരോഗ്യ പ്രവര്‍ത്തകരും ഡോക്‌ടര്‍മാരുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ അനധികൃതമായി വരാതിരിക്കുന്നവര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയെന്നും എന്നാല്‍ വളരെ കുറച്ച്‌പേര്‍ മാത്രമാണ് മടങ്ങിയെത്തിയതെന്നും അതിനാലാണ് കര്‍ശന നടപടി വേണ്ടിവന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.