കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. എട്ട് മാസത്തിനു ശേഷമാണ് സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുല്‍ എത്തുന്നത്. ജനുവരിയിലാണ് രാഹുല്‍ അവസാനമായി വയനാട്ടിലെത്തിയത്. പിന്നീട് കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്താന്‍ ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതുകൊണ്ട് എത്താനായില്ല.
തിങ്കളാഴ്ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.30ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് 2 മണിയോടെ എംപി വയനാട്ടില്‍ എത്തും. വയനാട്ടില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങള്‍ക്കിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.എന്നാല്‍, രാഷ്ട്രീയ വിഷയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്‍കാതെ വികസന പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കുക. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തുക തുടങ്ങിയവയാണ് സന്ദര്‍ശനംകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് എപി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മലപ്പുറത്തെയും വയനാട്ടിലെയും സന്ദര്‍ശന ദിവസങ്ങളില്‍ മറ്റ് പരിപാടികളൊന്നും രാഹുല്‍ ഗാന്ധി ഏറ്റിട്ടില്ല. ഔദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ നടക്കുക.
20ന് വയനാട് കലക്‌ടറേറ്റിലെ കോവിഡ‍് അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രാഹുലിനെ സ്വീകരിക്കാന്‍ എത്തും. മൂന്ന് ദിവസം രാഹുല്‍ കേരളത്തിലുണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.