ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെ തന്നെ മഅ്ദിന്‍ കാമ്പസില്‍ എത്തുന്നുണ്ട്. പ്രാര്‍ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു.
നോമ്പ്തുറ- അത്താഴ- മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. രാവിലെ 10ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചക്ക് 1ന് അസ്മാഉല്‍ ബദര്‍ മജ്‌ലിസ്, വൈകുന്നേരം 4ന് അസ്മാഉല്‍ ഹുസ്‌നാ റാതീബ് എന്നിവ നടക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്ത്വാര്‍ സംഗമവും നടക്കും. തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങള്‍ പ്രധാന വേദി, മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദ്, മഅ്ദിന്‍ ഓള്‍ഡ് മസ്ജിദ്, ഓഡിറ്റോറിയങ്ങള്‍ എന്നിവയില്‍ നടക്കും. തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, വിത്ര്‍ നിസ്‌കാരങ്ങളും നടക്കും. രാത്രി ഒമ്പതിന് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുർറഹ്മാന്‍ സഖാഫി, എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പ്രസംഗിക്കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുർറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ചാലിയം എ പി അബ്ദുല്‍ കരീം ഹാജി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പുലര്‍ച്ചെ മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തഹ് ലീല്‍, തൗബ, പ്രാര്‍ഥന എന്നിവ നടക്കും. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും ഊന്നല്‍ നല്‍കി ആഗോള തലത്തില്‍ നടന്നു വരുന്ന വേള്‍ഡ് ഖുര്‍ആന്‍ അവറില്‍ പങ്കാളികളാകും.
പ്രാര്‍ഥനാ സമ്മേളനത്തിന് വിശ്വാസികളുമായി കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മേല്‍മുറി ആലത്തൂര്‍പടിയില്‍ ആളെ ഇറക്കി എജ്യുപാര്‍ക്ക് ഭാഗത്തും കോട്ടക്കല്‍, പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മച്ചിങ്ങലില്‍ ആളെ ഇറക്കി വാറങ്കോട്, കിഴക്കേത്തല, വലിയങ്ങാടി എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









