കൊച്ചി: ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.
ആദ്യം ബന്ധു രാജേന്ദ്രനെയാണ് പ്രതി ആക്രമിച്ചത്. രാജേന്ദ്രനെ ചവിട്ടി വീഴ്ത്തിയ സന്ദീപ്, കത്രിയെടുത്ത് പുറത്ത് വന്ന് ബിനുവിനെ കുത്തുകയായിരുന്നു. ബിനുവിനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡ് അലക്സിനെകുത്തി തുടർന്ന് പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച എ എസ് ഐ മണിലാലിനും ഇതിനിടെ കുത്തേറ്റു. തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാജേഷിനെയും പ്രതി കുത്തി. ഇതിനിടയിലായിരുന്നു വന്ദനയോടുള്ള കൊടും ക്രൂരത.. ഇതിന്‍റെയെല്ലാം സി സി ടി വി ദൃശ്യങ്ങൾ സഹിതമുള്ള വിശദമായ റിപ്പോർട്ടാണ് പൊലിസ് ഹൈക്കോടതിയിൽ സമർപ്പിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









