തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ എല്ലാവർക്കും ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് നൽകാൻ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നിലവിൽ മലപ്പുറം ജില്ലയിൽ സീറ്റ് കുറയാനാണ് സാധ്യത. താലൂക്ക് തലത്തിൽ ഇതുസംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ കാര്യങ്ങൾ ക്രമീകരിക്കും. ഇത്തവണയും സീറ്റുകളും ബാച്ചുകളും വർധിപ്പിക്കാനുള്ള നടപടികളുണ്ടാകും. കഴിഞ്ഞ വർഷത്തെപ്പോലെ സീറ്റ് വർധിപ്പിക്കുന്ന രീതി തുടരുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, ഇതിന് മന്ത്രിസഭയുടെ അംഗീകാരം കൂടി വേണമെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ 81 അധിക ബാച്ചുകൾ ഈ വർഷവും തുടരുമെന്നും മന്ത്രി അറിയിച്ചു. അതിനുള്ള ഉത്തരവ് സർക്കാർ തലത്തിൽ ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മലബാറിൽ ഇത്തവണ 225700 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. 30652 സീറ്റുകളുടെ കുറവാണ് മലപ്പുറം ജില്ലയില്‍ മാത്രമുള്ളത്. സർക്കാർ സ്‌കൂളിൽ തുടർ വിദ്യാഭ്യാസം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഇവരെല്ലാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









