ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും അഞ്ചാം കിരീടമുയർത്തി. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി എം എസ് ധോണി.
ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഹമ്മദ് ഷമിയുടെ മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഈസമയം നാല് റണ്‍സുമായി റുതുരാജ് ഗെയ്‌ക്‌വാദും അക്കൗണ്ട് തുറക്കാതെ ദേവോണ്‍ കോണ്‍വേയുമായിരുന്നു ക്രീസില്‍. ഔട്ട്ഫീൽഡ് പലയിടവും മഴയില്‍ മുങ്ങിയതിനാല്‍ മത്സരം പുനരാരംഭിക്കാന്‍ വൈകി. ഇതോടെ ഏറെ നേരം നഷ്ടമായതിനാല്‍ മത്സരം 15 ഓവറായി ചുരുക്കി. ചെന്നൈക്ക് മുന്നില്‍ വിജയലക്ഷ്യം 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ടു. കളി വീണ്ടും തുടങ്ങിയപ്പോള്‍ 87 പന്തില്‍ 167 റണ്‍സാണ് സിഎസ്കെയ്ക്ക് വേണ്ടിയിരുന്നത്. റുതുരാജും കോണ്‍വേയും തകർത്തടിച്ചതോടെ ചെന്നൈ നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52ലെത്തി. ആറ് ഓവറില്‍ സ്കോർ- 72. തൊട്ടടുത്ത ഓവറില്‍ ഇരട്ട വിക്കറ്റുമായി സ്പിന്നർ നൂർ അഹമ്മദ് ട്വിസ്റ്റൊരുക്കി. 16 പന്തില്‍ 26 നേടിയ റുതുരാജിനെ റാഷിദ് ഖാന്‍റെയും 25 ബോളില്‍ 47 നേടിയ കോണ്‍വേയെ മോഹിത് ശർമ്മയുടെ കൈകളില്‍ എത്തിച്ചു. 10-ാം ഓവറിലെ ആദ്യ പന്തില്‍ സിഎസ്കെ 100 തൊട്ടപ്പോള്‍ മികച്ച ഷോട്ടുകളുമായി മുന്നേറവേ അജിങ്ക്യ രഹാനെയ്ക്ക്(13 പന്തില്‍ 27) 11-ാം ഓവറില്‍ മോഹിത് ശർമ്മ മടക്ക ടിക്കറ്റ് കൊടുത്തു.
മോഹിത് ശർമ്മ വീണ്ടും പന്തെടുത്തപ്പോള്‍ അവസാന ഓവറില്‍ ദുബെയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ സിഎസ്കെയ്ക്ക് 13 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഫോറോടെ ജഡേജ സിഎസ്കെയ്‍ക്ക് അഞ്ചാം കിരീടം സമ്മാനിച്ചു. ശിവം ദുബെ 21 പന്തില്‍ 32* ഉം, രവീന്ദ്ര ജഡേജ 6 ബോളില്‍ 15* ഉം റണ്‍സുമായി പുറത്താവാതെ നിന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








