‘സ്ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലരുടെയും സന്തതസഹചാരിയാണ് ‘സ്‌ട്രെസ്’. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, ആരോഗ്യപ്രശ്നങ്ങൾ അങ്ങനെ എന്തും നമ്മളെ മാനസിക പിരിമുറുക്കത്തിലേത്തിക്കാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. നമ്മുടെ കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍, ഉറപ്പായും ഒരു വിദഗ്ധനെ സമീപിക്കുക. ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
പതിവായി വ്യായാമം ചെയ്യുന്നത് ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് രാത്രി നന്നായി ഉറങ്ങാന്‍ മാത്രമല്ല, ശരീരം ആരോഗ്യത്തോടെയിരിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന ഹോര്‍മോണുകളെ പുറത്തുവിടാന്‍ ഇതിലൂടെ കഴിയും. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. ഇത് കൂടുതൽ ശാന്തമായ അവസ്ഥയിലേക്ക് നിങ്ങളെ നയിച്ചേക്കും.
മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ഉറക്കം അത്യാവശ്യമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ, അസ്വസ്ഥതയും ക്ഷീണവും ഉത്കണ്ഠയും അനുഭവപ്പെടാം. ഉറക്കക്കുറവ് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കും, ഇത് സമ്മർദ്ദത്തിന് കാരണമാകും. അതിനാല്‍ രാത്രി കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. പലപ്പോഴും മൊബൈൽ ഫോണിന്‍റെയും മറ്റും അമിത ഉപയോഗം ആണ് ഉറക്കമില്ലായ്മയിലേയ്ക്കും മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നത്. അതിനാല്‍ മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം പരിമിതപ്പെടുത്തുക.
ആരോഗ്യകരമായ ഭക്ഷണക്രമം നമ്മുടെ ശരീരത്തിന് മാത്രമല്ല, മനസ്സിന്‍റെ ആരോഗ്യത്തിനും പ്രധാനമാണ്. മധുരമുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ പോലുള്ള വിവിധതരം ഭക്ഷണങ്ങൾ കഴിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.