വിശാഖപട്ടണം: ഐ.എന്‍.എസ് കവരത്തി ഇന്ന് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും. കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയാണ് കവരത്തി സൈന്യത്തിലേക്ക് കമ്മീഷന്‍ ചെയ്യുക. വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡിലാണ് ഈ കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്ന ചടങ്ങ് നടക്കുക.
2003-ല്‍ ആരംഭിച്ച ‘പ്രോജക്‌ട് 28’ ന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മിച്ച 4 കപ്പലുകളില്‍ ഒന്നാണ് ഐ.എന്‍.എസ് കവരത്തി. 90 ശതമാനവും തദ്ദേശീയമായാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാവികസേനയുടെ കീഴിലുളള ഡിസൈന്‍ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എന്‍ജിനീയേഴ്‌സാണ് ഇത് നിര്‍മ്മിച്ചത്. നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ ഐഎന്‍എസ് കവരത്തി നിര്‍ണായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുങ്ങിക്കപ്പലുകള്‍ കണ്ടെത്തി നശിപ്പിക്കുന്ന ആന്റി സബ്മറൈന്‍ വിഭാഗത്തില്‍പ്പെട്ടതാണ് കവരത്തി. സ്റ്റെല്‍ത്ത് സവിശേഷതകള്‍ ഉള്‍പ്പെടുന്ന ഈ കപ്പലിന് 17 ഓഫീസര്‍മാരെയും 106 യാത്രക്കാരെയും വഹിക്കാന്‍ സാധിക്കും.
46 കിലോമീറ്ററാണ് പരമാവധി വേഗത. റഡാര്‍ നിയന്ത്രിത മിസൈലുകളെ വഴിതെറ്റിക്കാന്‍ ഉപയോഗിക്കുന്ന കവച് എന്നാ ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റവും ടോര്‍പിഡോകളും കവരത്തിയിലുണ്ടാവും. അത്യാധുനിക യുദ്ധോപകരണങ്ങളാണ് യുദ്ധക്കപ്പലില്‍ ക്രമീകരിച്ചിരിക്കുന്നത്. അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്വയം പ്രതിരോധത്തിനുളള സംവിധാനമാണ് യുദ്ധക്കപ്പലിന്റെ മറ്റൊരു പ്രത്യേകത.
ഹ്രസ്വദൂര മിസൈല്‍വേധ സംവിധാനമായ സി.ഐ.ഡബ്ലിയു.എസ്, മുങ്ങിക്കപ്പലുകളുടെ കാലനായ ആര്‍.ബി.യു 6000 റോക്കറ്റ് ലോഞ്ചറും കവരത്തിയില്‍ ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനും വെസ്റ്റ്‌ലാന്‍ഡ് സീ കിംഗ് ഹെലികോപ്റ്ററുകള്‍ സദാ യുദ്ധസന്നദ്ധരായി നിലകൊള്ളുന്നുണ്ടാവും. രക്ഷാദൗത്യങ്ങള്‍ക്കും നിരീക്ഷണം, ആക്രമണ ദൗത്യങ്ങള്‍ക്കും ഇവയെ ഉപയോഗപ്പെടുത്താം. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ യുദ്ധക്കപ്പല്‍ നാവികസേനയുടെ ഭാഗമാകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.