മഹാരാഷ്ട്ര ഉൾപ്പെടെ ഉള്ളി വളരുന്ന പ്രദേശങ്ങളിൽ കനത്ത മഴ ഉള്ളിയുടെ വില വീണ്ടും ഉയർത്തി. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസികിൽ ഇതിനകം തന്നെ ഉള്ളിക്ക് സെഞ്ച്വറി നേടി. ഇരട്ട ലാഭം പ്രതീക്ഷിച്ച് ഇടനിലക്കാർ ഉള്ളി പൂഴ്ത്തിവയ്ക്കുന്നതായും ആരോപണമുണ്ട്.
കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതൽ ഉള്ളി വിതരണം ചെയ്യുന്ന മൊത്തക്കച്ചവടമായ നാസിക്കിലെ ലസൽഗാവ് വിപണിയിൽ ഉള്ളി വരവ് വളരെ കുറവാണ്. വടക്കൻ, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കനത്ത മഴ കാർഷിക മേഖലയെ ബാധിച്ചു.
ഫാമുകളിൽ നിന്ന് ഉള്ളി മൊത്ത വിപണിയിൽ എത്തുന്നില്ല. അതായത്, കഴിഞ്ഞ വർഷം ഇതേ സമയം അനുഭവിച്ച പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. രാജ്യത്തെ 40 ശതമാനം ഉള്ളി ഉത്പാദിപ്പിക്കുന്ന നാസിക് ഉൾപ്പെടെയുള്ള വടക്കൻ മഹാരാഷ്ട്ര, പടിഞ്ഞാറൻ മഹാരാഷ്ട്ര, മറാത്ത്വാഡ എന്നിവിടങ്ങളിൽ സ്ഥിതി മോശമാണ്. മഴയ്ക്ക് മുമ്പ് കോവിഡും ഈ പ്രദേശത്തെ ബാധിച്ചു. നേരത്തെ കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചതിനെത്തുടർന്ന് ഇടത്തരം കർഷകർ അവരുടെ ഗോഡൗണുകൾ അടച്ചിരുന്നു.
പിന്നീട് ആഭ്യന്തര വ്യാപാര മേഖല സജീവമായിരുന്നിട്ടും മഴയെത്തുടർന്ന് ഗോഡൗണുകൾ തുറക്കാൻ കഴിഞ്ഞില്ല. ഇത് മുതലെടുക്കുന്ന ഇടനിലക്കാരും ഉള്ളി വ്യാപകമായി പൂഴ്ത്തിവയ്ക്കുന്നതായും പരാതിപ്പെടുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന് സർക്കാരുകൾ ഫലപ്രദമായ ഇടപെടലുകൾ ആരംഭിച്ചിട്ടില്ല. ചുരുക്കത്തിൽ, സവാള ഇനിയും കരയിക്കുമെന്നുറപ്പ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.