പെഷവാർ: പെഷവാറിൽ ഒരു മതവിദ്യാലയത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് ഏഴു പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു.
അജ്ഞാതർ ഒരു പ്ലാസ്റ്റിക് ബാഗിൽ സ്‌ഫോടകവസ്തുക്കൾ നിക്ഷേപിച്ചാണെന്നു ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബോംബിൽ 6 കിലോ (13 പൗണ്ട്) വരെ സ്‌ഫോടകവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പെഷവാർ പോലീസ് മേധാവി മുഹമ്മദ് അലി ഗന്ധാപൂർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
നഗരത്തിലും പൊതുവേ പാകിസ്ഥാനിലും തീവ്രവാദ അതിക്രമങ്ങൾ അടുത്ത കാലത്തായി കുറഞ്ഞുവെങ്കിലും, പെഷവാർ തലസ്ഥാനമായ ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിൽ ഈ വർഷം സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളിൽ വർധനയുണ്ടായി.
മുൻകാല ആക്രമണങ്ങളിൽ ചിലത് പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. എന്നിരുന്നാലും, ഇന്ന് നടന്ന സ്ഫോടനത്തെ അപലപിക്കുകയും പങ്കാളിത്തം നിഷേധിക്കുകയും ചെയ്തതായി തീവ്രവാദ സംഘം പ്രസ്താവന ഇറക്കി.
ഇരകളുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുശോചനം അറിയിച്ചു. “ഈ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ 83 പേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ കൂടുതലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണെന്ന് ആശുപത്രി പുറത്തുവിട്ടു.
മദ്രസ പ്രധാനമായും പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്കുള്ളതാണ്, സ്‌ഫോടനം നടന്നപ്പോൾ പലരും പഠിക്കുകയായിരുന്നുവെന്ന് നഗരവാസിയായ അബ്ദുൾ റഹിം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.