ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഒന്നാണ് ശരിയായ രീതിയിലുള്ള ഉറക്കം. ഉറക്കത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളും (മിഡ് ബ്രെയിൻ, പോൺസ്, ഹൈപോതലാമസ്, പിനിയൽ ബോഡി) ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ഞരമ്പുകളും ചേർന്നുള്ള സങ്കീർണമായ പ്രവർത്തനങ്ങൾ മൂലമാണ്. പ്രായം, മാനസികാവസ്ഥകൾ, രോഗങ്ങൾ, ചില മരുന്നുകൾ തുടങ്ങിയവയൊക്കെ ഉറക്കത്തെ നിയന്ത്രിക്കുന്ന കാര്യങ്ങളാണ്.
ശിശുക്കൾക്കും കുട്ടികൾക്കും അവരുടെ തലച്ചോറിന്റെ വികാസത്തിനും ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്കും ഉറക്കം കൂടുതൽ ആവശ്യമാണ്. ഉറങ്ങുമ്പോൾ വളർച്ചയെ സഹായിക്കുന്ന വളർച്ച ഹോർമോൺ ഉൽപാദനം കൂടുകയും മിക്കവാറും മറ്റെല്ലാ ഹോർമോണുകളുടെ ഉൽപാദനവും കുറയുകയും ചെയ്യുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനം മൂലമാണ് ശരീരത്തിലെ പേശികളുടെയും അസ്ഥികളുടെയും തേയ്മാനം പരിഹരിക്കപ്പെടുന്നത്. ഉറങ്ങുന്ന സമയത്ത് ഡയഫ്രവും കണ്ണിലെ പേശികളും ഒഴികെയുള്ള മറ്റെല്ലാ പേശികളുടെയും പ്രവർത്തനം കുറയുന്നുണ്ട്. ഒരു നവജാത ശിശു ഒരു ദിവസത്തിൽ 20 മണിക്കൂറോളമാണ് ഉറങ്ങുന്നത്. കുട്ടി വളരുംതോറും ഉറക്കത്തിന്റെ ദൈർഘ്യം കുറയുകയും രണ്ടു വയസ്സാകുന്നതോടെ ഉണർന്നിരിക്കുന്ന സമയം ഉറക്കത്തെക്കാൾ കൂടുതലാവുകയും ചെയ്യുന്നു. 18–60 വയസ്സ് വരെയുള്ളവർ ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങണം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ 7–9 മണിക്കൂർ എങ്കിലും ഉറങ്ങുന്നതാണ് അഭികാമ്യം.
നല്ല ഉറക്കം ലഭിക്കാത്തതു മൂലം ഹൈപ്പർടെൻഷൻ, പ്രമേഹം, ഹൃദ്രോഗം, മാനസികപ്രശ്നങ്ങൾ, ശരീരത്തിന്റെ പ്രതികരണശേഷി കുറയുന്നതുമൂലം വാഹനാപകടങ്ങൾ തുടങ്ങിയവയ്ക്കൊക്കെയുള്ള സാധ്യത കൂടുന്നു. ചില ലളിതമായ മാർഗങ്ങളിലൂടെ ഉറക്കക്കുറവ് ഭൂരിപക്ഷം ആളുകൾക്കും പരിഹരിക്കാൻ കഴിയും. ഉറങ്ങുന്നതിനു മുൻപായി മനസ്സിനെ വിഷമിപ്പിക്കുന്നതോ കൂടുതല്‍ ഗൗരവം ഉള്ളതോ ആയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതും ആലോചിക്കുന്നതും നല്ലതല്ല. സാധാരണ ഉറക്കസമയത്ത് ടിവി കാണുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഉറക്കം കുറയ്ക്കാൻ ഇടയാക്കുന്ന സംഗതികളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.