ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. വംബർ, ഡിസംബർ മാസങ്ങളിലേക്ക് മാത്രമാണ് പുതിയതായി ബുക്കിംഗ് അനുവദിക്കുന്നത്. തീർഥാടകരെ സേവിക്കുന്നതിനായി രൂപീകരിച്ച മക്ക ഗസ്റ്റ് അസോസിയേഷന് മന്ത്രാലയം അംഗീകാരം നൽകി.
ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടം ഞായറാഴ്ച ആരംഭിക്കും. ഇതിനുള്ള ബുക്കിംഗ് ഇന്ന് ആരംഭിച്ചു. ‘ഇഅ്തമർനാ’ മൊബൈൽ ആപ്ലിക്കേഷൻ വഴി മുമ്പ് ലഭ്യമല്ലാത്ത തീയതികൾക്കുള്ള ബുക്കിംഗ് ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഇപ്പോൾ നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രമേ ബുക്കിംഗ് അനുവദിക്കൂ. ഞായറാഴ്ച മുതൽ പ്രതിദിനം 20,000 പേർക്ക് ഉംറ നിർവഹിക്കാൻ ബുക്കിംഗ് വർദ്ധിപ്പിച്ചു. കൂടാതെ, മക്കയിലെ ഹറാം പള്ളിയിൽ ദിവസവും 60,000 ആളുകൾക്ക് പ്രാർത്ഥിക്കാം.
മക്കയിലെത്തുന്ന ഹജ്ജ്-ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനും അവർക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിനും രൂപീകരിച്ചിട്ടുള്ള മക്ക ഗസ്റ്റ് അസോസിയേഷന്‍ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. തീർത്ഥാടകർക്ക് മാർഗ നിർദ്ദേശം നൽകുക, ദുരിതാശ്വാസ-സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുക, തീർത്ഥാടകരെ സ്വീകരിക്കുക, യാത്രയാക്കുക തുടങ്ങിയ നിരവധി മേഖലകളിൽ മക്ക ഗസ്റ്റ് അസോസിയേഷന്‍റെ സേവനം ലഭ്യമാകും. ഉംറ തീർത്ഥാടനത്തിന്‍റെ അടുത്ത ഘട്ടത്തിലാണ് വിശ്വാസികൾക്ക് പഴയപോലെ ഹറമിലെത്തി ഉംറ ചെയ്യുവാൻ സാധിക്കുക. എന്നാൽ അത് എന്നായിരിക്കുമെന്ന കാര്യം അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.