കോഴിക്കോട്: രണ്ടാഴ്ചയായി അടിക്കടി കോഴിവില കുതിച്ചുയരുകയാണ്. ജനുവരി അവസാനം 140-150 രൂപയിൽ വിലയുണ്ടായിരുന്ന ബ്രോയിലർ ചിക്കൻ വില ചൊവ്വാഴ്ച 220 രൂപയിലെത്തി. ഇതേ കാലയളവില്‍ 110-120 രൂപയുണ്ടായിരുന്ന ലെഗോണ്‍ കോഴിക്ക് 170-180 രൂപയാണിപ്പോള്‍ മാർക്കറ്റില്‍.
ഫാം ഉടമകളുടെ തീരുമാനപ്രകാരമാണ് വില കൂടുന്നതെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും ഫാം ഉടമകൾ ഉൽപ്പാദനം കുറച്ചുകൊണ്ട് കൃത്രിമമായി വില കൂട്ടുകയാണെന്നാണ് വിലയിരുത്തൽ. സാധാരണ കോഴിമുട്ടക്ക് വില കയറുന്ന ക്രിസ്മസ്-പുതുവർഷത്തോടനുബന്ധിച്ച് ഡിസംബറിലാണ് ലെഗോണ്‍ കോഴിക്ക് വില വർധിക്കുന്നത്. ഡിസംബറില്‍ 160 രൂപവരെയേ ഉയർന്നിരുന്നുള്ളൂ. തമിഴ്നാട്-കർണാടക ലോബിയാണ് കോഴിയിറച്ചിയുടെ വില നിശ്ചയിക്കുന്നത്. മത്സ്യലഭ്യത കുറഞ്ഞതും കോഴിയിറച്ചിയുടെ വില കൂടാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. കോഴി വ്യാപാരികളുടെ ഇരു സംഘടനകളും അതത് ദിവസത്തെ വില തങ്ങളുടെ അംഗങ്ങളെ അറിയിക്കുന്നുണ്ട്. ഇതുപ്രകാരമാണ് വില ഏകീകരണം നടക്കുന്നത്. വില കൂടാൻ തുടങ്ങിയതോടെ വിപണിയില്‍ ചിക്കൻ വ്യാപാരത്തിന് ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കോഴി പ്രധാനമായും എത്തുന്നത്. ചൂട് കൂടുന്നതിനാൽ ഫാം ഉടമകൾ ഉത്പാദനം കുറയ്ക്കുകയാണ്. ചൂടിൽ കോഴി കർഷകരും പ്രതിസന്ധിയിലാണ്. ചൂടിൽ കോഴികളുടെ പരിപാലന ചെലവ് കൂടുതലാണ്, ചൂട് താങ്ങാനാവാതെ കോഴികൾ ചാകുന്നതും കോഴി കർഷകർക്ക് തിരിച്ചടിയാണ്. ചൂടുള്ളപ്പോൾ, കോഴികൾ തീറ്റയ്ക്ക് പകരം കൂടുതൽ വെള്ളം കുടിക്കുകയും ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്യുന്നു. ചൂടുകൂടുന്നതിനാല്‍ ഡിമാൻഡ് കുറവാണെങ്കിലും ലോബികള്‍ വില കുറക്കാൻ തയാറാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ജൂണിൽ സംസ്ഥാനത്തെ കോഴിവില സർവകാല റെക്കോർഡിലെത്തി.
അന്ന് കിലോക്ക് ബ്രോയ്‍ലർ ഇറച്ചിക്ക് 240 മുതല്‍ 260 വരെയായിരുന്നു വില. കൃത്രിമ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കച്ചവടക്കാർ മൂന്നു ദിവസം കടയടച്ച് പ്രതിഷേധ സമരം നടത്തിയിരുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് ആരോപണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.